ന്യൂഡല്‍ഹി: 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെ വിദേശയാത്രക്ക് വേണ്ടിമാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 258 കോടി രൂപ.(Narendra Modi spent Rs 258 crore on foreign trips in two years) രണ്ടര വര്‍ഷം കൊണ്ട് അദ്ദേഹം നടത്തിയത് 38 യാത്രകള്‍ നടത്തിയതായും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.
|
2023 ജൂണില്‍ പ്രധാനമന്ത്രി നടത്തിയ അമേരിക്കന്‍ യാത്രയ്ക്കാണ് ഏറ്റവും കൂടുതല്‍ ചെലവ് വന്നത്. ഇതിന് മാത്രമായി 22 കോടിയിലധികം രൂപയാണ് ചെലവഴിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റയാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവഴിച്ച ആകെ തുക, ഹോട്ടല്‍ ക്രമീകരണങ്ങള്‍, ഗതാഗത ചെലവുകള്‍, മറ്റ് പലവക ചെലവുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
2023 ജൂണിലെ യുഎസ് സന്ദര്‍ശനത്തിന് 22,89,68,509 രൂപയും, 2024 സപ്തംബറിലെ യു.എസ് സന്ദര്‍ശനത്തിന് 15,33,76,348 രൂപയും ചെലവായി. കൂടാതെ 2023 മെയ് മാസത്തില്‍ പ്രധാനമന്ത്രി നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപയും, 2022 മെയ് മാസത്തില്‍ നടത്തിയ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപയും ചെലവായതായി വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
2022നും 2024നും ഇടയില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി, കുവൈറ്റ്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യു.എ.ഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ, ആസ്േ്രതലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ്, പോളണ്ട്, ഉക്രൈന്‍, റഷ്യ, ഇറ്റലി, ബ്രസീല്‍, ഗയാന എന്നിവ ഉള്‍പ്പെടുന്നു. പോളണ്ട് സന്ദര്‍ശനത്തിനായി 10,10,18,686 രൂപയും ഉക്രൈന്‍ സന്ദര്‍ശനത്തിനായി 2,52,01,169 രൂപയും റഷ്യ സന്ദര്‍ശിക്കാന്‍ 5,34,71,726 രൂപയും ചെലവഴിച്ചു.
ഇറ്റലിയിലേക്കുള്ള സന്ദര്‍ശനത്തിന് 14,36,55,289 രൂപ, ബ്രസീല്‍ സന്ദര്‍ശനത്തിന് 5,51,86,592 രൂപ, ഗയാന സന്ദര്‍ശനത്തിന് 5,45,91,495 രൂപ എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.





