
മാഹി: മാഹി ആരോഗ്യ മേഖലയ്ക്ക് സ്വകാര്യ മേഖലയിൽ നിന്നുളള ക്രിയാത്മക പിന്തുണ നൽകുന്ന മാഹി എം എം സിക്ക് ലഭിച്ച ദേശീയ സ്റ്റാർട്ട് അപ് പുരസ്കാരം മാഹിക്ക് അഭിമാനം നൽകുന്നതായി രമേശ് പറമ്പത്ത് എംഎൽഎ. മാഹി മെഡിക്കൽ ആന്റ് ഡയഗ്നോസിസ്റ്റിക്ക് സെന്റർ എം.എം.സി രണ്ടാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
എം എം സിക്ക് ലഭിച്ച അംഗീകാരം മാഹിയിലെ മുഴുവൻ ജനങ്ങൾക്കും ലഭിച്ച ദേശീയ പുരസ്കാരമാണെന്ന് മുഖ്യാഥിതിയായ എം മുകുന്ദൻ പറഞ്ഞു . മാഹി എം എം സിയിലെ ഡോക്ടർമാരായ ഡോ.ഉദയകുമാർ,ഡോ.നൗഷാദ് അലി, ഡോ.അതുൽ ചന്ദ്രൻ , ഡോ നതാഷ അബ്ദുൽ കാദർ , ഡോ.പ്രേം ജിത് രവീന്ദ്രൻ , ഡോ.സനത് ഗോപി നമ്പ്യാർ എന്നിവരെ എം എം സി ചെയർമാൻ മൻസൂർ പള്ളൂർ ചടങ്ങിൽ ഷീൽഡ് നൽകി ആദരിച്ചു . കോവിഡ് കാലത്ത് ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരായ ആശാ വർക്കർമാരെയും ചടങ്ങിൽ ആദരിച്ചു . എം എം സി ചെയർമാൻ മൻസൂർ പള്ളൂർ നിർമിച്ച് പ്രേംനസീർ പുരസ്കാരം നേടിയ ഉരു സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്ത് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ മാർച്ച് 3 ന് റിലീസ് ചെയ്യുന്ന പ്രഖ്യാപനവും എം മുകുന്ദൻ ചടങ്ങിൽ നിർവഹിച്ചു .
കലാ-സാഹിത്യ-സാമൂഹ്യ മേഖലയിലെന്നപോലെ ആതുര സേവന രംഗത്തും മികവ് തെളിയിച്ച മൻസൂർ പള്ളൂരിനെ വിശിഷ്ട വ്യക്തികൾ പൊന്നാട അണിയിച്ചു. ഉരു സംവിധായകൻ ഇ എം അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദാമോദരൻ മാസ്റ്റർ , സോമൻ പന്തക്കൽ , ചാലക്കര പുരുഷു , നവാസ് മേത്തർ എന്നിവർ സംസാരിച്ചു. മൻസൂർ പള്ളൂരിന്റെ ഡോക്യൂമെന്ററിയുടെ പ്രദർശനവും , സി എച്ച് മുഹമ്മദാലിയും , അനന്യയും ചേർന്ന് സുബൈദയുടെ ആയത് എന്ന നാടകവും അവതരിപ്പിച്ചു.തുടർന്ന് എം എം സി കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഫ്യൂഷൻ മ്യുസിക്കും അരങ്ങേറി.