നയന സൂര്യന്റെ മരണം കൊലപാതകമല്ല; ആത്മഹത്യയോ രോഗമോ ആണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; അന്വേഷണം അവസാനിപ്പിക്കുന്നു
|
തിരുവനന്തപുരം: സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണകാരണമെന്നും എന്നാല്‍ അതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ആത്മഹത്യയോ രോഗം മൂലമുള്ള മരണമോ എന്ന് കണ്ടെത്താനാകുന്നില്ലെന്ന റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.
2019 ഫെബ്രുവരി 24നാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നയനയുടെ കഴുത്തിലും അടിവയറ്റിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആ പരിക്കുകള്‍ മരണത്തിന് കാരണമായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ബോധരഹിതയായി നേരത്തെ അഞ്ച് തവണ നയനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ വളരെ പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ജീവന്‍ രക്ഷപ്പെടാന്‍ കാരണം. അവസാന തവണ നയനയ്ക്ക് സമീപം ആരുമുണ്ടായിരുന്നില്ല. ഇതാകാം രോഗം മൂലമുള്ള മരണത്തിന്റെ പ്രധാനസാധ്യത.
മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍ ഷീല ദമ്പതികളുടെ മകളാണ് നയന സൂര്യ. 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ അവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരിച്ച് ഒരുമാസം പിന്നിടുമ്പോഴായിരുന്നു നയനയുടെയും മരണം.





