01
May 2024
Fri
01 May 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി:  വോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്പ് തന്നെ, ബി.ജെ.പി സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുന്നു. അടുത്തമാസം ഒമ്പതിന് കര്‍ത്തവ്യപഥില്‍ വന്‍ ആഘോഷപൂര്‍വം സത്യപ്രതിജ്ഞ നടത്താനാണ് പദ്ധതി. 8,000ലധികം ആളുകള്‍ക്ക് ഇരിക്കാനുള്ള കൂറ്റന്‍ പന്തല്‍ ഉള്‍പ്പെടെ തയാറാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ 2014ലും 2019ലും രാഷ്ട്രപതിഭവന് സമീപമുള്ള പ്രത്യേകവേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 2014ല്‍ മെയ് 26ന് തിങ്കളാഴ്ചയും 2019ല്‍ മെയ് 30ന് വ്യാഴാഴ്ചയും ആയിരുന്നു ചടങ്ങ്. കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് രാഷ്ട്രപതി ഭവന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ചടങ്ങ് സംഘടിപ്പിക്കുന്നതെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്.
വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച കരട് രൂപരേഖ തയാറാക്കാനായി ചേര്‍ന്ന യോഗത്തില്‍ ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവയിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ഫലം പുറത്തുവന്നിട്ടില്ലെങ്കിലും അടുത്തമാസം 13, 14 തീയതികളില്‍ ഇറ്റലിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ രാഷ്ട്രനേതാവായി പങ്കെടുക്കാനുള്ള ക്ഷണം മോദി സ്വീകരിച്ചിട്ടുണ്ട്. അടുത്തമാസം 12ന് മോദി ഇറ്റലിയിലേക്ക് യാത്ര ഷെഡ്യൂളും ചെയ്തു. അതിന് മുമ്പായി അധികാരമേല്‍ക്കല്‍ പൂര്‍ത്തിയാക്കാനാണ് ഫലംവന്ന് അഞ്ചോ ആറോ ദിവസത്തിനുള്ളില്‍ തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഫലം പുറത്തുവന്നശേഷമേ ചടങ്ങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.

NDA considers Kartavya Path for oath ceremony on June 9, if it wins