25
Jan 2025
Tue
25 Jan 2025 Tue
Nenmara Double murder

പാലക്കാട്: നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന പ്രതി ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. (Nenmara double murder: Police unable to find Chenthamara) കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോയെന്ന് കരുതുന്ന വനത്തിനുള്ളില്‍ ഇന്നും വ്യാപക തിരച്ചില്‍ നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്താനാണ് പരിപാടി. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിനായി ചെന്താമരയുടെ ബന്ധു താമസിക്കുന്ന തിരുപ്പൂരിലെത്തിയ പൊലീസ് സംഘം നിരാശരായി മടങ്ങി.

അതേസമയ,ം ചെന്താമരയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ ഇന്ന് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ALSO READ: ഭാര്യയുടെ പീഡനം താങ്ങാനാവുന്നില്ല; ആത്മഹത്യാകുറിപ്പെഴുതിവച്ച് യുവാവ് ജീവനൊടുക്കി

കൊല്ലപ്പെട്ട സുധാകരന്റെയും മാതാവ് ലക്ഷ്മിയുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്.

നാലു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് വനത്തില്‍ തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.

ചെന്താമര പോത്തുണ്ടിയിലെ സ്വന്തം വീട്ടില്‍ താമസിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ചാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ചെന്താമരയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്.

നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നത്. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്. ഇത് കണ്ടെത്തിയിട്ടും പൊലീസ് ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചിരുന്നില്ല.

തിങ്കളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരെയാണ് വെട്ടിക്കൊന്നത്.

2019 ല്‍ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിയുന്നതിനിടെ 2022 ല്‍ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ല്‍ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്.

ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു.

ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷ തിരിച്ചെത്തിയത് പൊലീസ് അറിഞ്ഞിരുന്നില്ല.

ചെന്താമരയ്ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്‍കിയെങ്കിലും പോലീസ് അവഗണിച്ചു. ജാമ്യം ലഭിച്ച പ്രതിയെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.