20
Jul 2024
Tue
20 Jul 2024 Tue
Meyer Habib lost france election

പാരിസ്: ഫ്രാന്‍സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പരാജയം മെയര്‍ ഹബീബിന്റേത്. (Netanyahu’s ‘right hand’ lost in the French election ) ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തനും ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടിയായ ലെസ് റിപബ്ലിക്കന്‍സ് നേതാവും പേരുകേട്ട ഫലസ്തീന്‍ വിരുദ്ധനുമാണ് മെയര്‍ ഹബീബ്. തുടര്‍ച്ചയായി വിജയിച്ചുവരുന്ന സീറ്റില്‍ ആണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ഉള്‍പ്പെടെ പ്രചാരണം നടത്തിയിട്ടും പരാജയം നുണഞ്ഞത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടി അംഗവും ജൂത നേതാവുമായ കരോലൈന്‍ യദാന്‍ ആണ് ഹബീബിനെ തോല്‍പിച്ചത്.

വിദേശത്ത് കഴിയുന്ന ഫ്രഞ്ച് പൗരന്മാരുടെ എട്ടാമത്തെ മണ്ഡലത്തിലാണ് ഹബീബ് മല്‍സരിച്ചത്. ഇതാദ്യമായാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്. തുര്‍ക്കി, ഗ്രീസ്, ഇറ്റലി, മാള്‍ട്ട, സൈപ്രസ്, വത്തിക്കാന്‍, സാന്‍ മറിനോ, ഫലസ്തീന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്ന ഫ്രഞ്ച് പൗരന്മാര്‍ ആണ് ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഇസ്രായേലില്‍ മാത്രമാണ് ഹബീബിന് ഭൂരിപക്ഷം ലഭിച്ചത്. 52.7 ശതമാനം വോട്ട് നേടിയാണ് യദാന്‍ ഇവിടെ വിജയിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ‘ലെ മോണ്ടെ’ റിപ്പോര്‍ട്ട് ചെയ്യുന്നു. 47.3 ശതമാനം വോട്ടാണ് ഹബീബിനു ലഭിച്ചത്.

തുനീസ്യന്‍ വംശജനായ ജൂത നേതാവാണ് മെയര്‍ ഹബീബ്. ഫ്രാന്‍സിനു പുറമെ ഇസ്രായേലിലും പൗരത്വമുള്ളയാണ്. നെതന്യാഹുവുമായി വര്‍ഷങ്ങള്‍ നീണ്ട ഉറ്റ ബന്ധമുള്ള ഇയാളെ നെതന്യാഹുവിന്റെ ‘വിദേശ വലംകൈ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഫ്രഞ്ച് പാര്‍ലമെന്റിലിരുന്ന് ഇസ്രായേല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ഇത്രയും കാലം ഹബീബ് ചെയ്തുപോന്നത്. ഫ്രാന്‍സും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ഇടപാടുകളില്‍ പോലും മധ്യസ്ഥനായി നിന്നത് അദ്ദേഹമായിരുന്നു.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുതല്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വരെ രംഗത്തിറങ്ങിയിരുന്നു.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുശേഷം ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയെ പരസ്യമായി പിന്തുണയ്ക്കുന്ന നേതാവാണ് മെയര്‍ ഹബീബ്. ഇതിന്റെ പേരില്‍ പാര്‍ലമെന്റില്‍ പലതവണ വന്‍ വിമര്‍ശനത്തിനും പാത്രമായിരുന്നു. ഒരുഘട്ടത്തില്‍ ഇസ്രായേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട ഫ്രഞ്ച് നടപടിയെ പാര്‍ലമെന്റിനകത്തും പുറത്തും രൂക്ഷമായി വിമര്‍ശിച്ചു ഹബീബ്.

കഴിഞ്ഞ മേയ് അവസാനത്തില്‍ റഫായിലെ ഇസ്രായേല്‍ ആക്രമണത്തെച്ചൊല്ലി ഫ്രഞ്ച് പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നേറ്റത്തിനു നേതൃത്വം നല്‍കിയ ഫ്രാന്‍സ് അന്‍ബൗഡ്(എല്‍.എഫ്.ഐ) എന്ന തീവ്ര ഇടത് പാര്‍ട്ടിയുടെ അംഗമായ സെബാസ്റ്റ്യന്‍ ഡെലോഗു അന്ന് ഫലസ്തീന്‍ പതാകയുമായാണ് പാര്‍ലമെന്റില്‍ എത്തിയത്. ഇതു വലിയ കോളിളക്കം സൃഷ്ടിച്ചു. നടപടിയുടെ പേരില്‍ രണ്ടു മാസത്തേക്ക് സഭയില്‍നിന്നു വിലക്ക് നേരിട്ടു ഡെലോഗു. രണ്ടു മാസത്തെ ശമ്പളത്തില്‍നിന്ന് 50 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഫലസ്തിന്‍ രാഷ്ട്രത്തിനുള്ള അംഗീകാരത്തെ ചൊല്ലിയായിരുന്നു ചര്‍ച്ചകള്‍ക്കു തുടക്കം. ഡെലോഗുവിനെ വിലക്കിയ ശേഷവും എല്‍.എഫ്.ഐ നേതാവ് ഡേവിഡ് ഗിറൂഡ് വിഷയം ഉയര്‍ത്തി. ഇതോടെ പലതവണ പ്രസംഗം ഇടപെട്ട് തടസപ്പെടുത്തുകയായിരുന്നു അന്ന് മെയര്‍ ഹബീബ് ചെയ്തത്. ഹബീബിന്റെ ഇടപെടല്‍ അതിരുകടന്നതോടെ രൂക്ഷമായ വാക്കേറ്റവും കടന്ന പ്രയോഗങ്ങള്‍ക്കും സഭ സാക്ഷിയായി. ‘വംശഹത്യാ ചെളിക്കെട്ടിലെ പന്നി’യാണ് ഹബീബ് എന്നു പ്രതികരിച്ചു ഗിറൂഡ്. സെമിറ്റിക് വിരുദ്ധനെന്ന് വിമര്‍ശിച്ച് ഹബീബ് ഇതിനെതിരെ രംഗത്തെത്തി.

എന്നാല്‍, ഗസയെ അര്‍ബുദം എന്നു വിശേഷിപ്പിച്ച ഹബീബിന്റെ പഴയൊരു പ്രസംഗം എടുത്തിട്ടു ഗിറൂഡ്. ഇതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു തന്റെ പരാമര്‍ശമെന്നു പ്രതിരോധിക്കുകയും ചെയ്തു അദ്ദേഹം. ഗസ്സ ആക്രമണത്തിനുശേഷം ഫ്രഞ്ച് പാര്‍ലമെന്റില്‍ എല്‍.എഫ്.ഐ അംഗങ്ങളും ഹബീബും പല തവണ പരസ്പരം ഏറ്റുമുട്ടിയിരുന്നു. വംശഹത്യയെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഹബീബിനെ സഭയില്‍നിന്നു വിലയ്ക്കണമെന്നും പലകുറി ആവശ്യമുയര്‍ന്നിരുന്നു.