തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസ് ഹസനെ കുടുക്കാന്‍ പുതിയ ആരോപണവുമായി ആരോഗ്യവകുപ്പ്. യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉപസമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും മന്ത്രി അവകാശപ്പെട്ടു.
|
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടിലെ വാദം പൊളിഞ്ഞതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി മന്ത്രി എത്തിയത്.
20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒസിലോസ് സ്‌കോപ്പ് എന്ന ഉപകരണമാണ് യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു കാണാതായത്. ശശി തരൂര്‍ എംപിയുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചതാണ് കാണാതായ ഉപകരണം.
യൂറോളജി വകുപ്പില്‍ ചില ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടാക്കി എന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുണ്ട്. ഡിപ്പാര്‍ട്‌മെന്റിലെ ഉപകരണങ്ങള്‍ സംബന്ധിച്ച കാര്യത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കും. വകുപ്പുതല അന്വേഷണത്തില്‍ കാര്യങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസ് അന്വേഷണം നടത്താനും ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതൊരു നടപടിക്രമം മാത്രമാണ്. പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടില്‍ ഏറെ ശിപാര്‍ശകളുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ട്മാരുടെ പര്‍ച്ചേസിംഗ് പവര്‍ കൂട്ടാന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അന്വേഷണ റിപോര്‍ട്ടിലെ വാദം പൊളിഞ്ഞു
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടിലെ വാദം പൊളിഞ്ഞു. ഹാരിസ് ഹസന്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത് വന്നിട്ടുണ്ട്. മാര്‍ച്ച് മാസത്തിലും ജൂണ്‍ മാസത്തിലുമാണ് ഉപകരണക്ഷാമം അറിയിച്ച് സൂപ്രണ്ടിന് കത്ത് നല്‍കിയത്.
തന്നോടൊപ്പം പലയിടത്തും ജോലി ചെയ്തവരാണ് വിദഗ്ധസമിതിയില്‍ ഉണ്ടായിരിക്കുന്നത്. എന്ത് റിപ്പോര്‍ട്ട് ആണ് കൊടുത്തത് എന്ന് തനിക്കറിയില്ലെന്ന് ഡോ. ഹാരിസ് പ്രതികരിച്ചു.
ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി ഒരു പൗരന്റെ ജീവിതത്തെ ബാധിക്കാന്‍ പാടില്ല. ഉപകരണക്ഷാമം നേരത്തെ അറിയിച്ചിട്ടുണ്ട്. കത്ത് മൂലം പരാതി അറിയിക്കുന്നതിലും പ്രശ്‌നമുണ്ട്. കത്ത് അടിക്കാനുള്ള പേപ്പര്‍ പോലും നമ്മള്‍ പണം കൊടുത്ത് പുറത്തു നിന്ന് വാങ്ങണം. പറയാന്‍ നാണക്കേടുണ്ട്. ഓഫീസില്‍ പ്രിന്റിങ് മെഷീന്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





