21
Feb 2023
Sun
21 Feb 2023 Sun

കോട്ടയം: ദുരൂഹമായ ജെസ്‌ന തിരോധാന കേസിൽ നിർണായക വെളിപ്പെടുത്തൽ. ജയിലിൽ തനിക്കൊപ്പം കഴിഞ്ഞ യുവാവിന് ജെസ്‌നയെ കുറിച്ച് അറിയാമെന്നാണ് വെളിപ്പെടുത്തൽ. പത്തനംതിട്ടയിലുള്ള യുവാവിനെപ്പറ്റിയാണ് പൂജപ്പുര ജയിലിലെ സഹതടവുകാരന്റെ മൊഴി. യുവാവിന്റെ വിലാസം അടക്കം ശരിയെന്ന് കേസിൽ അന്വേഷണം നടത്തുന്ന സി.ബി.ഐ സ്ഥിരീകരിച്ചു. ജയിൽ മോചിതനായ യുവാവ് ഒളിവിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018 മാർച്ച് 20നാണ് ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെൺകുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിച്ചത്. അന്വേഷണത്തിൽ പുരോഗതി ഉണ്ടാവാതിരുന്നതോടെ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എന്നിട്ടും ജസ്‌ന എവിടെയാണ് എന്ന് കണ്ടെത്താൻ സാധിച്ചില്ല. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരൻ കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

സംഭവത്തിന് പിന്നിൽ മുസ്ലിം സംഘടനകളാണെന്ന് തീവ്ര ഹിന്ദുത്വവാദികളും ഒരുവിഭാഗം ക്രിസ്ത്യൻ സംഘടനകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിവരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.