മുബൈ: നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച പ്രതി പോലീസിനെ വട്ടം കറക്കുന്നു. (New Videos Emerge Of Saif Ali Khan’s Attacker) രണ്ടുദിവസം പിന്നിട്ടിട്ടും അക്രമിയെ പിടികൂടാന്‍ സാധിക്കാതെ മുംബൈ പൊലീസ്.
|
പ്രതി ഇടയ്ക്കിടെ വസ്ത്രം മാറുന്നതാണ് പോലീസിനെ കുഴക്കുന്നത്. ഏറ്റവും പുതിയതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍, മുന്‍പ് ധരിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായ വസ്ത്രമാണ് പ്രതി ധരിച്ചിരിക്കുന്നത്.
പടിഞ്ഞാറന്‍ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചുകയറി സെയ്ഫ് അലി ഖാനെ ആക്രമിക്കുമ്പോള്‍ പ്രതി ധരിച്ചിരുന്നത് കറുത്ത ടി ഷര്‍ട്ട് ആയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അവിടെനിന്ന് കെട്ടിടത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ പ്രതി രക്ഷപെടുകയായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നീല ഷര്‍ട്ട് ധരിച്ച് തെരുവിലൂടെ നടക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച പുറത്തുവന്ന ദൃശ്യങ്ങളില്‍ പ്രതി മഞ്ഞ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.
ദാദറില്‍ നിന്ന് രാവിലെ 9 മണിയോടെ ഒരു ഹെഡ്‌ഫോണ്‍ വാങ്ങുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. അക്രമം നടന്ന് ആറ് മണിക്കൂറിന് ശേഷമാണിത്.
ബാന്ദ്രയില്‍ നിന്ന് യാത്ര ചെയ്യാന്‍ അക്രമി ട്രെയിനില്‍ കയറിയിരിക്കാമെന്നാണ് മുംബൈ പോലീസ് സംശയിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ ഒന്നിലധികം പൊലീസ് സംഘങ്ങള്‍ നഗരത്തിലെ റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലില്‍ പ്രതിയല്ലെന്ന് തെളിഞ്ഞിരുന്നു.
എഫ്‌ഐആറില്‍ പറയുന്നതനുസരിച്ച്, അക്രമി നടന്റെ ഇളയ മകന്‍ ജെയുടെ കിടപ്പുമുറിയിലാണ് ആദ്യം പ്രവേശിച്ചത്. ശബ്ദം കേട്ട് അവിടേക്കെത്തിയ വേലക്കാരിയാണ് ബഹളമുണ്ടാക്കി അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന മറ്റംഗങ്ങളെ വിവരമറിയിക്കുന്നത്.
ഉടന്‍ അവിടേക്കെത്തിയ സെയ്ഫ് അലി ഖാനുമായി മല്‍പ്പിടുത്തം നടക്കുന്നതിനിടെയാണ് താരത്തെ അക്രമി കുത്തിപ്പരിക്കേല്പിച്ചത്. നട്ടെല്ലിന് സമീപത്തുള്‍പ്പെടെ ആറ് കുത്തുകളാണ് താരത്തിനേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം അപകടനില തരണം ചെയ്തിട്ടുണ്ട്.





