28
Dec 2023
Sun
28 Dec 2023 Sun

തൃശൂര്‍: നവജാത ശിശുവിന്റെ മൃതദേഹം വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റില്‍ കണ്ടെത്തി. തൃശൂര്‍ അടാട്ടാണ് പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ 42കാരിയായ അമ്മ പൊലീസ് നിരീക്ഷണത്തിലാണ്. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് വിധവയായ 42 കാരിയാണ് ഗര്‍ഭകാലവും പ്രസവവും മറച്ചുവച്ചത്. 18 കാരനായ മകനും യുവതിയും മാത്രമായിരുന്നു വീട്ടില്‍ താമസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്തസ്രാവത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി യുവതി ബന്ധുക്കള്‍ക്കൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.

പിന്നാലെ യുവതിയുടെ വീട്ടിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. യുവതി നിലവില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്.

കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ് മോര്‍ട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.