ന്യൂഡല്‍ഹി: ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്ത സുപ്രീംകോടതി ഇടപെടലില്‍ ജയില്‍ മോചിതനായി. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തപ്പെട്ട് ഏഴര മാസമായി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന പുര്‍കായസ്തയുടെ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. (news-click-editor-prabir-purkayastha-released-from-jail- )റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കാത്തതും അറസ്റ്റിലെ നടപടിക്രമങ്ങള്‍ പാലിക്കാത്തതും സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
|
2023 ഒക്ടോബര്‍ മൂന്നിന് അറസ്റ്റുചെയ്ത് നാലിന് രാവിലെ ആറിന് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് പുര്‍കായസ്തക്കോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ കൃത്യമായ കാരണം രേഖാമൂലം എഴുതി നല്‍കണമെന്ന നിബന്ധനയും പുര്‍കായസ്തയുടെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല.
ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സീകരിക്കുന്നുവെന്ന ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും പ്രബീര്‍ പുര്‍കായസ്ത, എച്ച്.ആര്‍. മേധാവി അമിത് ചക്രവര്‍ത്തി എന്നിവരെ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ന്യൂസ്‌ക്ലിക് ഓഫിസ് പൂട്ടി മുദ്രവെച്ച പൊലീസ്, കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു. അറസ്റ്റും റിമാന്‍ഡും വിചാരണക്കോടതിയും ഹൈക്കോടതിയും ശരിവെച്ചതോടെ ഇരുവരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കര്‍ഷക പ്രക്ഷോഭം, സിഎഎ വിരുദ്ധ സമരം തുടങ്ങിയവ കൃത്യമായി റിപോര്‍ട്ട് ചെയ്തതാണ് കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.





