കൊച്ചി: അതീവ സുരക്ഷയുള്ള വിയ്യൂര്‍ ജയിലില്‍ തടവ് പുള്ളികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകള്‍ ദിവസം മൂന്ന് മണിക്കൂര്‍ തുറന്നു കൊടുക്കണമെന്ന് കൊച്ചി എന്‍ഐഎ കോടതി. (NIA court orders to keep cells in Poojappura jail open for three hours a day) 2019ലെ ഐഎസ്‌ഐഎസ് കോയമ്പത്തൂര്‍ ഘടകം കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് അസ്ഹറുദ്ദീന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
|
യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണ തടവുകാരനായി കഴിയുന്ന തന്നെ 24 മണിക്കൂറും ഏകാന്ത തടവില്‍ പാര്‍പ്പിക്കുന്നുവെന്നും ഇത് കേരള ജയില്‍ ചട്ടത്തിന്റെ ലംഘനമാണെന്നും ചുണ്ടിക്കാട്ടിയാണ് അസ്ഹറുദ്ദീന്‍ ഹരജി നല്‍കിയത്. ജയില്‍ സൂപ്രണ്ടിനോട് ഇക്കാര്യം വാക്കാല്‍ സൂചിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത് മനുഷ്യത്വ രഹിതമാണെന്നും പരിഹാരമുണ്ടാക്കാന്‍ കോടതി ഇടപെടണമെന്നുമായിരുന്നു ആവശ്യം.
ALSO READ: മെക്7 വ്യായാമത്തിനെതിരേ വാളെടുത്ത് കാന്തപുരം സുന്നീ നേതാക്കള്‍; ആരോപണങ്ങള്‍ തള്ളി സംഘാടകര്‍
ഹരജി സ്വീകരിച്ച കോടതി ജയില്‍ അധികൃതരോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഭീകരതാ കേസുകളില്‍ കുറ്റമാരോപിക്കപ്പെട്ടവരെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് അതീവ സുരക്ഷയുള്ള ജയിലില്‍ നിര്‍ദിഷ്ട നിബന്ധനകളോടെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
റിപോര്‍ട്ട് പ്രകാരം ജയിലില്‍ ഇപ്പോള്‍ 225 പുള്ളികളാണുള്ളത്. ഇതില്‍ 13 പേര്‍ മാവോവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരും 14 പേര്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടവരുമാണ്. 19 പേര്‍ മറ്റ് എന്‍ഐഎ കേസുകളില്‍ പെട്ടവരാണ്. ബാക്കിയുള്ളവര്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍(കാപ്പ) നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരാണ്.
സുരക്ഷാ കാരണങ്ങളാല്‍, പ്രതികളെ സ്വതന്ത്രമായി പരസ്പരം ഇടപഴകാന്‍ അനുവദിക്കാറില്ല. രാവിലെ 6.30 മുതല്‍ വൈകീട്ട് 5.30 വരെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് സെല്ലുകള്‍ തുറക്കുന്നത്. ദിവസം ഒരു മണിക്കൂര്‍ തടവുകാര്‍ക്ക് ബാഡ്മിന്റണ്‍, വോളിബോള്‍ തുടങ്ങിയ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അനുമതിയുണ്ട്.
റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സിനിമകള്‍ കാണിക്കാറുണ്ട്. മാസത്തില്‍ രണ്ട് തവണ വിനോദ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. അസറുദ്ദീനെ 24 മണിക്കൂറും സെല്ലിനകത്ത് പൂട്ടിയിട്ടു എന്ന ആരോപണം ജയില്‍ സൂപ്രണ്ടിന്റെ നിഷേധിച്ചു.
എന്നാല്‍, അതീവ സുരക്ഷയുള്ള ജയിലാണെന്നത് കൊണ്ട് മറ്റ് ജയിലുകളില്‍ കിട്ടുന്ന അടിസ്ഥാന അവകാശങ്ങള്‍ തടവുകാര്‍ക്ക് നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസവും മൂന്ന് മണിക്കൂര്‍ തടവുകാരെ സെല്ലില്‍ നിന്ന് തുറന്നുവിടണമെന്നും കോടതി ഉത്തരവിട്ടു.


