നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കേ മുന്നണികള്‍ക്ക് ചങ്കിടിപ്പ്. (Nilambur by election campaign in final lap) വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
|
അവസാനലാപ്പില്‍ പ്രധാന മുന്നണികള്‍ക്കു പുറമേ എസ്ഡിപിഐയും സ്വതതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറും മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിച്ചതായാണ് ഗ്രൗണ്ട് റിപോര്‍ട്ട്.
യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും പ്രചാരണ രംഗത്തുണ്ട്.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ യുഡിഎഫ് നിലമ്പൂര്‍ മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ മുന്നില്‍ നിര്‍ത്തി കളം പിടിച്ചെങ്കിലും സ്വരാജ് വന്നതോടെ ചിത്രം മാറി. ഏതെങ്കിലും സ്വതന്ത്രനെ മുന്നില്‍ നിര്‍ത്തി സിപിഎം കളിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍, കരുത്തനായ സ്ഥാനാര്‍ഥിയെ ഇറക്കി സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതോടെ അങ്കം മുറുകി.
സ്വരാജ് വന്നത് വോട്ടര്‍മാര്‍ക്കിടയില്‍ ആവേശം ഉയര്‍ത്തിയെന്നാണ് എല്‍ഡിഎഫിന്റെ പക്ഷം. സ്വരാജിന് വിജയ സാധ്യതയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. മുഖ്യമന്ത്രിയടക്കം എത്തി നടത്തിയ പ്രചാരണം വിജയ സാധ്യത വര്‍ദ്ധിപ്പിച്ചതായും അവര്‍ കരുതുന്നു.

മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചിറങ്ങിയ പി വി അന്‍വര്‍ സോഷ്യല്‍ മീഡിയ അടക്കം ആയുധമാക്കിയാണ് പ്രചാരണ രംഗത്ത് സജീവമായത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് യൂസഫ് പഠാനെയും പ്രചാരണത്തിനിറക്കി. മമതാ ബാനര്‍ജിയും മന്ത്രിപ്പടയുമൊക്കെ എത്തുമെന്ന് അന്‍വര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇതുവരെ ആരും വന്നിട്ടില്ല.
ബലൂണ്‍ ചിഹ്നത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐയുടെ അഡ്വ. സാദിഖ് നടുത്തൊടി വിവാദ വിഷയങ്ങളില്‍ കാര്യമായി തൊടാതെ മണ്ഡലത്തിന്റെ വികസനം ഉയര്‍ത്തിയാണ് വോട്ട് പിടിക്കുന്നത്. ഇത് വോട്ടര്‍മാരെ വലിയ തോതില്‍ സ്വാധീനിക്കുന്നതായി എസ്ഡിപിഐ അവകാശപ്പെടുന്നു.

ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യംവെച്ചാണ് ബിജെപി നേതാവ് മോഹന്‍ ജോര്‍ജിന്റെ പ്രചാരണം. എന്നാല്‍, ഇതുവരെ മണ്ഡലത്തില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.
മലയോര മേഖലയായ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാനമായും ഉയര്‍ന്നുവന്നത് വന്യജീവി പ്രശ്നം തന്നെയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ അത് എല്‍ഡിഎഫ് ഏറ്റെടുത്തു. മതരാഷ്ട്രവാദികളായ ജമാഅത്തിന്റെ രാഷ്ട്രീയമുഖമാണ് വെല്‍ഫെയര്‍ എന്നാണ് എല്‍ഡിഎഫ് ആരോപണം. പിഡിപിയുടെ എല്‍ഡിഎഫ് പിന്തുണ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.
ക്ഷേമ പെന്‍ഷനെതിരെയായ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്താവന വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെന്‍ഷന്‍ എന്നായിരുന്നു കെസിയുടെ പ്രസ്താവന. ഇതിനെതിരെ സിപിഐഎം നേതാക്കള്‍ ആഞ്ഞടിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചു എന്നായിരുന്നു ഇതിനോട് കെ സി പ്രതികരിച്ചത്.
വഴിക്കടവിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്ദുവിന്റെ മരണം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയപ്പോള്‍ കേസില്‍ പിടിയിലായ വഴിക്കടവ് സ്വദേശിയുടെ കോണ്‍ഗ്രസ് ബന്ധം ഉയര്‍ത്തിയാണ് സിപിഐഎം ഇതിനെ പ്രതിരോധിച്ചത്.
ഒടുവില്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടത് പെട്ടി വിവാദമായിരുന്നു. കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതായിരുന്നു ചര്‍ച്ചയ്ക്ക് വഴിവെച്ചത്.
വിവാദങ്ങളും വികസന വിഷയങ്ങളും വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്നതിന് അനുസരിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലം. മലയോരപ്രദേശമായ നിലമ്പൂരില്‍ കനത്ത മഴ പോളിങിനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. എങ്കിലും ആവേശം ഒട്ടും ചോരാതെ അഞ്ചു സ്ഥാനാര്‍ഥികളും പ്രചാരണ രംഗം ചൂട് പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അടിയൊഴുക്കുകള്‍ ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനിയും ഒരാഴ്ച്ച കാത്തിരിക്കണം.


