നിലമ്പൂര്‍: കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. (Nilambur by election counting live) ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 8.10 മുതലാണ് വോട്ടിങ് യന്ത്രങ്ങളിലേക്കു കടക്കുക.
|
നിലമ്പൂരില്‍ 174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപെടുത്തിയത്. പോസ്റ്റല്‍ വോട്ട്, സര്‍വ്വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.
ആകെ വോട്ടുകളുടെ എണ്ണം 1,76,069. ഒരു റൗണ്ടില്‍ 14 വോട്ടിങ്ങ് മെഷിനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് 4 ടേബിളുകളും, സര്‍വീസ് പോട്ടുകള്‍ എണ്ണുന്നതിനായി ഒരു ടേബിളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു ആശങ്കയുമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. യുഡിഎഫിനാണ് വിജയമെന്ന് മറ്റുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കണക്കില്‍ വളരെ മോശമാണ്.എന്നാലും ഏഴ് പഞ്ചായത്തിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷ’. അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയെന്ന് പി.വി അന്‍വര്‍. പ്രതിസന്ധി ഉണ്ടെങ്കിലും തനിക്ക് നിലമ്പൂരില്‍ ജയിക്കാന്‍ കഴിയുമെന്നും അന്‍വര്‍ പറഞ്ഞു. സ്വരാജ് രണ്ടാം സ്ഥാനത്ത് ആയേക്കും, ഷൗക്കത്ത് മൂന്നാം സ്ഥാനത്ത് ആകാനും സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ മണ്ഡലത്തില്‍ പ്രാദേശിക സര്‍വേ നടത്തിയെന്നും തനിക്ക് പ്രയാസമുള്ള കാര്യമാണ് അറിഞ്ഞതെന്നുമാണ് അന്‍വര്‍ പറഞ്ഞത്.
10000 ത്തോളം ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ സ്വരാജിന് ലഭിച്ചു. അത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും സ്വരാജിന് ഇത് വലിയ ആശ്വാസമായെന്നും അദ്ദേഹം വ്യക്തമാക്കി. സ്വരാജ് 35000 വോട്ട് പിടിക്കൂമെന്ന് താന്‍ പറഞ്ഞത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്‍വറിന് വോട്ട് ചെയ്താല്‍ ഷൗക്കത്ത് ജയിക്കും എന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് ലേക്ക് യുഡിഎഫ് വോട്ടുകള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.


