25
Aug 2025
Fri
25 Aug 2025 Fri
Nimisha priya execution

യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. സങ്കീര്‍ണമായ വിഷയമാണിതെന്നും സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാരിന്റെ ശ്രമഫലമായി വധശിക്ഷ മാറ്റിവെച്ചു. വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നുണ്ട്. അഭ്യൂഹങ്ങള്‍ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കരുത്. തെറ്റായ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി രംഗത്തെത്തി. വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം വിധി റദ്ദാക്കി എന്നല്ലെന്നാണ് സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ALSO READ: അമിത് ഷായുടെ വാക്കിന് പുല്ലുവില; എന്‍ഐഎ കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ബിജെപി സര്‍ക്കാര്‍

ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നത് അസാധാരണമോ അത്ഭുതമുണ്ടാക്കുന്നതോ ആയ സംഭവമല്ലെന്നും സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ സ്വാഭാവിക നടപടിയാണെന്നും അബ്ദുള്‍ ഫത്താഹ് മഹ്ദി പറഞ്ഞു.

നിയമങ്ങളെക്കുറിച്ച് ധാരണയുളളവര്‍ക്ക് ഇക്കാര്യം മനസിലാകും. ഒരു നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റിവെക്കാന്‍ അറ്റോര്‍ണി ജനറലിന് അധികാരമുണ്ട്. സത്യം പരാജയപ്പെടില്ല, പുതിയ വധശിക്ഷാ തീയതി എത്രയും വേഗം നിശ്ചയിക്കപ്പെടുമെന്നും ഫത്താഹ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 28-നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായി എന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്.