വയനാട്: ജില്ലാ മെഡിക്കല്‍ കോളജിന്റെ മുറ്റം ഇന്നലെ മുതല്‍ തിങ്ങിനിറഞ്ഞിരുന്നു. മക്കിമല ദുരന്തത്തില്‍ മരിച്ചവരെ ഒരു നോക്ക് കാണാനും പരിക്കേറ്റവരുടെ വിവരം അറിയാനുമായിരുന്നു അവരുടെ കാത്തിരിപ്പ്. അവിടെയുള്ള ഓരോര്‍ത്തരുടെയും കണ്ണുകളില്‍ വേദന തിങ്ങി നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് പോസ്റ്റ്മാര്‍ട്ടം നടപടികള്‍ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മൃതദേഹവുമായി മക്കിമലയിലേക്ക് യാത്ര തിരിച്ചത് ഒമ്പത് ആംബലുന്‍സുകള്‍. മാനന്തവാടി ടൗണിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയാണ് ആ യാത്ര. ആശുപത്രിയിലും റോഡിലും തിരക്ക് നിയന്ത്രിക്കാന്‍ പോലിസുകാര്‍ നന്നേ പാടുപെട്ടു. മാനന്തവാടിയെ തേടി അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ദുരന്തം തേടിവന്നിട്ടില്ല. പരേതരോടുള്ള ആദര സൂചകമായി സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത് വരെ മാനന്തവാടി താലൂക്കില്‍ ഓണഘോഷങ്ങളും ഔദ്ദോഗിക പരിപാടികളും മാറ്റിവച്ചിട്ടുണ്ട്.
|
ആദരസൂചകമായി ദുരന്തം നടന്ന കണ്ണോത്ത്മലയില്‍ ഓട്ടോറിക്ഷ, ജീപ്പ്, ബസ്സ് തൊഴിലാളികള്‍ മക്കിമലയിലേക്ക് സൗജന്യ സര്‍വ്വീസാണ് നടത്തികൊണ്ടിരിക്കുന്നത്. മാനന്തവാടി തലപ്പുഴ സ്റ്റാന്റില്‍ നിന്ന് അഞ്ചര കിലോമീറ്റര്‍ മാറിയാണ് മക്കിമല. ദുരന്തമുഖത്ത് നാടൊട്ടുക്കും ഒഴുകിയത്തുമ്പോഴാണ് ഡ്രൈവര്‍മാര്‍ സൗജന്യ സേവനം ഒരുക്കിയത്.
തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്.കൂളന്‍തൊടിയില്‍ ലീല(60), സഹോദരന്റെ ഭാര്യ കാര്‍ത്ത്യാനി(65), ശാന്ത (60), മകള്‍ ചിത്ര (32), ശോഭന (60), റാബിയ (55), ഷാജ (38), ചിന്നമ്മ (59), റാണി (85) എന്നിവരാണ് സംസ്ഥാനത്തെ ആഘാതത്തിലാക്കിയ ദുരന്തത്തില്‍ മരണപ്പെട്ടവര്‍.





