21
Sep 2023
Tue
21 Sep 2023 Tue

കോഴിക്കോട് വീണ്ടും നിപയെന്ന് സംശയം: പനി ബാധിച്ച് രണ്ട് മരണം; രണ്ട് കുട്ടികള്‍ ഗുരുതര നിലയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം ജില്ലയില്‍ വീണ്ടും നിപ സംശയം. ഇതോടെ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സാംപിള്‍ പരിശോധനയ്ക്കയച്ചു. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആളും ഇയാള്‍ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്.

കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെയാള്‍ മരിച്ചത്. മരിച്ച രണ്ടുപേരും ഒരേസമയം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്നതിനാല്‍ ഇരുവരും തമ്മില്‍ സമ്പര്‍ക്കത്തിലായിരുന്നെന്നാണ് നിഗമനം. ഓഗസ്റ്റ് 30ന് സംഭവിച്ച മരണം നിപ ആണെന്ന സംശയങ്ങള്‍ അന്നുണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് സമാന ലക്ഷണങ്ങളോടെ മറ്റൊരാള്‍ ചികിത്സയിലാകുകയും മരിക്കുകയും ചെയ്തതോടെയാണ് സംശയം ഉടലെടുത്തത്.

ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെ ഇവരെ ഐസൊലേഷനാക്കി. മരിച്ചയാളുടെ മക്കളും സഹോദരി ഭര്‍ത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ ഒന്‍പത് വയസുകാരനായ ഒരു ആണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്. ഈ കുട്ടിയുടെയും മരിച്ച രണ്ടാമത്തെ ആളുടെയും സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. ഫലം ലഭിച്ചതിന് ശേഷം മാത്രമേ നിപയാണെന്ന് പൂര്‍ണ്ണമായി സ്ഥിരീകരിക്കാനാകൂ.

നിപ സംശയം ഉടലെടുത്തതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇന്ന് കോഴിക്കോട് ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരും.

പ്രാദേശിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും ശ്രമം തുടങ്ങി.