|
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിപ ലക്ഷണങ്ങളോടെ മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിച്ചു. ചങ്ങലീരി മോതിക്കൽ പാണ്ടിക്കാട്ടിൽ തോമസ് (58) ആണ് മരിച്ചത്. പനിയും ശ്വാസതടസവുമുൾപ്പടെ നേരിട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. വിശദമായ പരിശോധനക്കായി സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഒരാഴ്ച മുമ്പാണ് മണ്ണാർക്കാട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയത്. ഇദ്ദേഹത്തെ കടുത്ത ശ്വാസതടസത്തോടെ വെള്ളിയാഴ്ച വൈകിട്ടാണ് മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. ശനിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹം അട്ടപ്പാടി കള്ളമലയിലെ തൃത്വാമല ഹോളിട്രിനിറ്റി പള്ളി സെമിത്തേരിയിൽ മാനദണ്ഡപ്രകാരം സംസ്‌കരിച്ചു. പുരോഹിതരും അടുത്ത ബന്ധുക്കളും ആരോഗ്യപ്രവർത്തകരും മാത്രമാണ് സംസ്‌കാരചടങ്ങിൽ പങ്കെടുത്തത്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പാലക്കാട് കുമരംപുത്തൂർ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. രോഗിയുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകി. ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. സമ്പർക്ക പട്ടികയിൽ 46 പേർ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു.
പ്രദേശത്ത് പനിസർവേ ആരംഭിച്ചിട്ടുണ്ട്. ഇന്ന് നിപബാധിതൻ താമസിച്ചിരുന്ന 10ാം വാർഡിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ആർ.ആർ.ടി, ആരോഗ്യപ്രവർത്തകരടങ്ങുന്ന സംഘം ഭവനസന്ദർശനം നടത്തി സർവേ നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊലിസ്, വനം, വെറ്ററിനറി, റവന്യൂ, ഫയർഫോഴ്‌സ്, ആർ.ആർ.ടി, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികൾ എന്നിവരുടെ യോഗവും രാവിലെ പഞ്ചായത്ത് ഓഫിസ് ഹാളിൽ ചേരും.
Nipah: Alert issued to six districts; If you have symptoms, report them immediately


