ഹമാസ് പോരാളികള്‍ രാജ്യത്ത് കടന്നുകയറി പിടിച്ചുകൊണ്ടുപോയ തങ്ങളുടെ പൗരന്മാരെ വിട്ടയയ്ക്കാതെ ഗാസയിലേക്കുള്ള വൈദ്യുതിയും വെള്ളവും അവശ്യവസ്തുക്കളുടെ ലഭ്യതയും പുനസ്ഥാപിക്കുകയില്ലെന്ന് ഇസ്രായേല്‍ ഊര്‍ജ മന്ത്രി ഇസ്രായേല്‍ കാത്സ്. ബന്ദികള്‍ വീടുകളില്‍ തിരിച്ചെത്താതെ ഗാസയിലേക്ക് ഒരു ഇന്ധനടാങ്കര്‍ പോലും കടക്കുകയില്ല. ഒരു വൈദ്യുതി സ്വിച്ച് പോലും ഓണാവുകയില്ല. ഒരു വെള്ള ടാപ്പുപോലും തുറക്കപ്പെടുകയില്ല ഇസ്രായേല്‍ കാത്സ് പറഞ്ഞു.
|
ശനിയാഴ്ചയായിരുന്നു ഹമാസ് പോരാളികള്‍ ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം നടത്തുകയും സൈനികരടക്കം നിരവധി പേരെ ബന്ദികളാക്കി പിടിച്ചുകൊണ്ടുപോവുകയും ചെയ്തത്. ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണമായിരുന്നു ഹമാസ് നടത്തിയത്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അയ്യായിരത്തിലേറെ റോക്കറ്റുകളാണ് വിവിധ ഇസ്രായേല്‍ നഗരങ്ങളില്‍ പതിച്ചത്. ഇതിനു പിന്നാലെ ഇസ്രായേലും തിരിച്ചടിച്ചു. അതേസമയം യുദ്ധം ആറു ദിവസം പിന്നിടുകയാണ്.
മൂന്നുലക്ഷത്തോളം ഇസ്രായേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ നിലയുറപ്പിക്കുകയും കരയുദ്ധ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഹമാസിന്റെ കൈയിലുള്ള ബന്ദികള്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിന് ഇസ്രായേലിനെ പിന്നോട്ടടിക്കുകയാണെന്നാണ് വിലയിരുത്തല്‍. ഖത്തറും സൗദിയും അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥനീക്കങ്ങള്‍ നടത്തുന്നുണ്ട്.


