25
Jul 2025
Thu
25 Jul 2025 Thu
WEAR HELMET

ഹെല്‍മറ്റ് വെക്കാതെ ഇരുചക്ര വാഹനം ഓടിച്ച് അപകടത്തില്‍പെടുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ഇതോടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് മധ്യപ്രദേശിലെ ഇന്ദോര്‍ ജില്ല. ആഗസ്ത് ഒന്ന് മുതല്‍ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച് എത്തുന്നവര്‍ക്ക് പമ്പുകളില്‍നിന്ന് പെട്രോള്‍ നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ നിര്‍ദേശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനും മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രേയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ദോറില്‍ പുതിയ പരിഷ്‌കരണം വരുന്നത്. യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനായി ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും കാറില്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക കാമ്പെയിന്‍ സംഘടിപ്പിക്കണമെന്നായിരുന്നു സപ്രേയുടെ നിര്‍ദേശം.

ALSO READ:കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതി മരിച്ച നിലയിൽ

ഇതിനു പിന്നാലെയാണ് ഇന്ദോറില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹന യാത്രികര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് സിങ് പറഞ്ഞു.

ഉത്തരവ് ലംഘിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്കെതിരെ 2023ലെ സിവില്‍ സെക്യൂരിറ്റി കോഡ് 163-ാം വകുപ്പ് പ്രകാരം നടപടിയെടുക്കും. ഒരു വര്‍ഷം തടവോ 5000 രൂപ പിഴയോ അല്ലെങ്കില്‍ ഇത് രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.

അടുത്തിടെ ഇന്ദോറില്‍ വര്‍ധിച്ചുവരുന്ന ട്രാഫിക് നിയമലംഘനത്തില്‍ അധികൃതരെ വിമര്‍ശിച്ച് മധ്യപ്രദേശ് ഹൈക്കോടതി രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നീക്കം.