22
Feb 2023
Tue
22 Feb 2023 Tue

കോഴിക്കോട്: സംസ്ഥാനത്ത് മുസ്ലിംലീഗ് ജില്ലാ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മിക്ക ജില്ലകളിലും സമ്മേളനം കഴിയുകയും പുതിയ ഭാരവാഹികൾ വരികയുംചെയ്തു. എന്നാൽ, ഇത്തവണയും മുസ്ലിം ലീഗിൽ വനിതാ ഭാരവാഹികളുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. പാർട്ടി അംഗത്വത്തിൽ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായില്ല. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്നായിരുന്നു ഇതിന് പി.എം.എ സലാം പ്രതികരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കാൻ ഞങ്ങളൊരു സംഘടനയുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അതാണ് വനിതാ ലീഗ്. രണ്ട് കൂട്ടർക്കും രണ്ട് സംഘടനയെന്നാണ് ഇക്കാര്യത്തിൽ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം നാലിനാണ് ലീഗിന്റെ പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരിക. പക്ഷേ വനിതകളുടെ കാര്യത്തിൽ ഇക്കുറിയും മാറ്റമൊന്നുമുണ്ടാകില്ലെന്നുറപ്പായി. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് പാർട്ടിയുടെ തീരുമാനം. പാർട്ടിക്ക് 2.50 ലക്ഷം അംഗങ്ങൾ പുതിയതായി വന്നെന്നാണ് കണക്ക്. ആകെ അംഗങ്ങളിൽ 51 ശതമാനം വനിതകളാണ്. പക്ഷേ ഈ പ്രാതിനിധ്യം അംഗത്വത്തിൽ മാത്രം മതിയെന്നാണ് പാർട്ടിയുടെ തീരുമാനം.

സാദിഖലി തങ്ങൾ പാർട്ടിയുടെ തലപ്പത്തേക്ക് വന്നപ്പോൾ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകുമെന്നതിന്റെ സൂചനകൾ കണ്ടിരുന്നു. ഹരിതാ വിവാദത്തിന് പിന്നാലെ പോഷക സംഘടനകളിൽ വനിതകൾക്ക് 20 ശതമാനം പ്രാതിനിധ്യം നൽകാനും പാർട്ടി തീരുമാനിച്ചിരുന്നു. 25 വർഷത്തിനു ശേഷം മുസ്ലീം ലീഗ് ഒരു വനിതയെ നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനമെടുത്തപ്പോഴും വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്.