26
Mar 2023
Thu
26 Mar 2023 Thu

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയെന്ന പി.വി അൻവ്വർ എം.എൽ.എയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിലെ നാല് ജീവനക്കാർക്കെതിരെ വെള്ളയിൽ പോലീസെടുത്ത കേസിൽ ജാമ്യമില്ലാ കുറ്റം കൂടി ചുമത്തി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്ത്, റിപ്പോർട്ടർ നൗഫൽ ബിൻ യൂസൂഫ്, നീലി ആർ നായർ എന്നിവർക്കെതിരെയാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാല നീതി നിയമം 83 (2) പ്രകാരം നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് കുട്ടികളെ ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് വെള്ളയിൽ പോലീസ്, ജില്ല അഡീഷണൽ സെഷൻസ് ജഡ്ജ് (പോക്സോ) കെ പ്രിയ മുമ്പാകെ റിപ്പോർട്ട് നൽകിയത്. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ജാമ്യാപേക്ഷ ഈ മാസം 18-ലേക്ക് വിധിപറയാനായി മാറ്റി.

പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടു. വ്യക്തിവിരോധം കാരണം പി.വി അൻവർ എം.എൽ.എ പരാതി നൽകിയതാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗത്തിനായി ഹാജറായ അഡ്വ. പി.വി ഹരി വാദിച്ചു. എന്നാൽ, കുട്ടികളുടെ താൽപര്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നും രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നും അതിനാൽ ജാമ്യമനുവദിക്കരുതെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ. സുനിൽ കുമാർ വാദിച്ചു.

2022 നവംബർ പത്തിന് ഏഷ്യാനെറ്റ് പുറത്തുവിട്ട വാർത്തയിൽ 14 കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് കാണിച്ചാണ് പി.വി അൻവ്വർ എം.എൽ.എ പരാതി നൽകിയത്. സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകുംവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. പോക്സോ, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നി വകുപ്പുകൾ പ്രകാരമാണ് പോലീസ് ആദ്യം കേസെടുത്തത്. ഇതിന് പുറമെയാണ് അൻവർ എം.എൽ.എയുടെ പരാതിയിലെ കേസ്.