ജിദ്ദ: എല്ലാ ലോക മര്യാദകളും ലംഘിച്ച് ഫലസ്തീനില്‍ വംശഹത്യ തുടരുന്ന ഇസ്രായേലിന് അന്താരാഷ്ട്ര തലത്തില്‍ കനത്ത തിരിച്ചടി. ഫലസ്തീന്‍ രാഷ്ട്രത്തിന് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. സ്‌പെയിന്‍, നോര്‍വെ, അയര്‍ലന്റ് എന്നീ രാജ്യങ്ങളാണ് ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം പ്രഖ്യാപിച്ചത്. (Norway, Ireland, Spain to recognise Palestinian state) അടുത്തയാഴ്ച്ച ഫലസ്തീന്‍ എന്ന രാജ്യത്തിന് അംഗീകാരം നല്‍കുന്ന ഔപചാരിക പ്രഖ്യാപനം നടക്കുമെന്ന് മൂന്ന് രാജ്യങ്ങളളും അറിയിച്ചു. തീരുമാനത്തെ സൗദി അറേബ്യയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും(ഒഐസി) സ്വാഗതം ചെയ്തു.
|
മെയ് 28 ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസും നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗര്‍ സ്റ്റോറയും പ്രഖ്യാപിച്ചു. അയര്‍ലന്റ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും പറഞ്ഞു. ഇന്ന് നമ്മള്‍ ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള അംഗീകാരം പ്രഖ്യാപിക്കുന്നു. അയര്‍ലന്റിനും ഫലസ്തീനും ഇത് ചരിത്രപരവും പ്രധാനപ്പെട്ടതുമായ ദിവസമാണെന്നും സൈമണ്‍ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ മാതൃകയും യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയും പിന്തുടരാനും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനും മറ്റു രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ ശക്തമായ സന്ദേശം നല്‍കുന്നതായി നോര്‍വീജിയിന്‍ പ്രധാനമന്ത്രി പറഞ്ഞു. ഫലസ്തീനെ അംഗീകരിക്കാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉണ്ടാവില്ല. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം നല്‍കിയേക്കുമെന്നും ജോനാസ് ഗര്‍ സ്റ്റോറ പറഞ്ഞു.
സ്വാഗതം ചെയ്ത് ഒഐസിയും സൗദിയും
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള സ്പെയിനിന്റെയും നോര്‍വെയുടെയും അയര്‍ലന്റിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും. സുപ്രധാനവും ചരിത്രപരവുമായ ഈ ചുവടുവെപ്പ് അന്താരാഷ്ട്ര നിയമങ്ങളുമായും യു.എന്‍ പ്രമേയങ്ങളുമായും പൊരുത്തപ്പെടുന്നുവെന്നും ഫലസ്തീനെ അംഗീകരിക്കാത്ത മറ്റു രാഷ്ട്രങ്ങള്‍ ഈ മാതൃക പിന്തുടരണമെന്നും സൗദി ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സ്ഥിരീകരിക്കാനും അന്താരാഷ്ട്ര രംഗത്ത് ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പദവി ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്ന് ഒ.ഐ.സി വ്യക്തമാക്കി.
അംബാസഡര്‍മാരെ തിരിച്ചുവിളിച്ച് ഇസ്രായേല്‍
ഫലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനത്തിന് തിരിച്ചടിയെന്നോണം അയര്‍ലന്റില്‍ നിന്നും നോര്‍വേയില്‍ നിന്നും തങ്ങളുടെ അംബാസഡര്‍മാരെ ഇസ്രായില്‍ തിരിച്ചുവിളിച്ചു. ഇരു രാജ്യങ്ങളും ധൃതി പിടിച്ച് നടത്തിയ ചുവടുവെപ്പുകള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്രായില്‍ വിദേശ മന്ത്രി ഇസ്റായില്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയാല്‍ സ്പെയിനെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രായില്‍ വിദേശ മന്ത്രി മുന്നറിയിപ്പ് നല്‍കി.


