21
Feb 2023
Mon
21 Feb 2023 Mon

കോഴിക്കോട്: ആർഎസ്എസുമായി നടന്ന ചർച്ച വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ജമാഅത്തെ ഇസ്‌ലാമി. ചർച്ച നടത്തിയത് മുസ്‌ലിം സംഘടനാ നേതൃസംഘമാണെന്ന് ​ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി മുജീബ് റഹ്‌മാൻ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജമാഅത്തും ആര്‍എസ്എസും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് പ്രചരണം. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ബറേൽവി സംഘടനകൾ എന്നിവർക്കൊപ്പമാണ് ജമാഅത്തെ ഇസ്‌ലാമിയും ചർച്ചയിൽ പങ്കെടുത്തത്.

മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ പങ്കെടുക്കുകയാണ് ജമാഅത്ത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയാകാമെന്നാണ് ജമാഅത്ത് നിലപാട്. അത് സ്വാർഥ താൽപര്യങ്ങൾക്കാവരുത്. മുസ്‌ലിം പ്രശ്‌നങ്ങൾക്ക് വേണ്ടിയാവണം. എന്നാൽ ആര്‍എസ്എസുമായി ചര്‍ച്ച എന്ന പേരില്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും ഇസ്‌ലാമോഫോബിയ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും പി മുജീബ് റഹ്മാന്‍ പറഞ്ഞു.

അതിന് പിന്നിൽ കൃത്യമായ തിരക്കഥയുണ്ട്. ചർച്ചയ്ക്കെതിരായ പ്രചാരണം ഇസ്‌ലാമോഫോബിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീ എമ്മിന്റെ നേതൃത്വത്തിൽ സിപിഎം-ആർഎസ്എസുമായി ചർച്ച നടത്തിയിട്ടുണ്ട്.

ആ ചർച്ചയുടെ വിവരം പുറത്തുവന്നത് ശ്രീ എമ്മിന്റെ ആത്മകഥയിലാണ്. ആർഎസ്എസുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സിപിഎം വ്യക്തമാക്കണം. പുള്ളിപ്പുലിയുടെ പുള്ളി മാറ്റാൻ ആ ചർച്ചയിലൂടെ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.