ആമയാർ: കാലുഷ്യം നിറഞ്ഞ വർത്തമാന കാലത്ത് പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ആമയാർ എംഇഎസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. എംഇഎസ് കോർപറേറ്റ് മാനേജ്മെന്റിന്റെ ആഹ്വാന പ്രകാരം സ്‌കൂൾ എൻഎസ്എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
|
വണ്ടൻമേട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി സൗഹൃദ സദസ്സ് ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ കാർമൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ. ബെർണീ സി എം ഐ, പുളിയൻമല ജുമാ മസ്ജിദ് ഇമാം ഷൗക്കത്ത് സുലൈമാൻ, എസ്എൻഡിപി യോഗം മലനാട് യൂനിയൻ വൈസ്പ്രസിഡന്റ് വിധു എ സോമൻ എന്നിവർ ഓണം സൗഹൃദ സന്ദേശങ്ങൾ കൈമാറി.
തുടർന്ന് സ്‌കൂൾ എൻഎസ്എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളുടെ വിതരണവും ചടങ്ങിൽ നടന്നു. എൻ എസ് എസ് വോളണ്ടിയർമാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആണ് കിറ്റുകൾ സമാഹരിച്ചത്.
അരി, പഞ്ചസാര, പായസം മിക്സ്, വെളിച്ചെണ്ണ ഉൾപ്പെടെ 18 ഇനം സാധനങ്ങൾ ആണ് ഒരു കിറ്റിൽ ഉൾപ്പെടുന്നത്. പ്രിൻസിപ്പൽ ഫിറോസ് സി എം, പി ടി എ പ്രിസിഡന്റ് ലൗലി സാജു, ഹെഡ്മിസ്ട്രസ് മായ വസുന്ധര ദേവി സംസാരിച്ചു. പ്രോഗ്രാം ഓഫിസർ അബ്ദുൽ റഷീദ് പി പി പരിപാടികൾക്ക് നേതൃത്വം നൽകി.