28
Jun 2024
Sun
28 Jun 2024 Sun

തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ. രാധാകൃഷ്ണന് പകരമായി
ഒ.ആര്‍ കേളു എം.എല്‍.എ ഇന്ന് അധികാരമേല്‍ക്കും വൈകിട്ട് നാലുമണിക്ക് രാജ്ഭവനില്‍ ആണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കെ രാധാകൃഷ്ണന്‍ കൈകാര്യംചെയ്തിരുന്ന പട്ടിക ജാതി പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് കേളു സത്യപ്രതിജ്ഞ ചെയ്യുക. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് രാജ്ഭവന്‍ അറിയിച്ചു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായിട്ടാണ് കേളു മന്ത്രിപദവിയിലേക്കെത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. വയനാട്ടില്‍ നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവും മാനന്തവാടി എംഎല്‍എയുമായ കേളു മന്ത്രിയാകുന്നതോടെ മന്ത്രിസഭയില്‍ വയനാടിന് പ്രാതിനിധ്യം ലഭിക്കും. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

കെ രാധാകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നല്‍കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പകരം, ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യവകുപ്പ് എം.ബി രാജേഷിനും നല്‍കാനാണ് സിപിഎം തീരുമാനം.

കേളുവിന് പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മാത്രം നല്‍കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേളുവിന് ദേവസ്വം നല്‍കാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സവര്‍ണ സമുദായ പ്രീണനമാണ് ദേവസ്വം വകുപ്പ് കേളുവിന് നല്‍കാത്തതിന് പിന്നിലെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ പറഞ്ഞു.

O.R. Kelu to take oath as Minister