ദുബൈ: ഇൻറർനാഷണൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജിൻറെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10-12 തീയതികളിൽ ദുബൈയിൽ നടന്ന പത്താമത് അന്താരാഷ്ട്ര അറബിക് കോൺഫറൻസിൽ ശൈഖ് മുഹമ്മദ് പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക പ്രബന്ധം മലയാളിയായ ഡോ.യൂസഫ് മുഹമ്മദ് നദ് വിയുടേത്. 85ഓളം രാജ്യങ്ങളിൽ നിന്ന് വന്ന എഴുന്നൂറിലേറെ പ്രബന്ധങ്ങളിൽ തിരഞ്ഞെടുത്ത 15 പ്രബന്ധങ്ങളിലൊന്നാണ് ഡോ. യൂസുഫ് മുഹമ്മദ് നദ് വിയുടെ ഇന്ത്യയിലെ അറബിക് പീർ റിവ്യൂഡ് ജേണലുകൾ അറബി ഗവേഷണ രംഗത്തു ചെലുത്തിയ സ്വാധീനം എന്ന പ്രബന്ധം.
|
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ അഭിനന്ദനവും പാരിതോഷികവും ഡോ. യൂസുഫ് മുഹമ്മദിന് ലഭിച്ചു.കേരളത്തിൽ നിന്നടക്കം നിരവധി പേർ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഒമ്പതാം പതിപ്പിലും ഡോ. യൂസുഫ് മുഹമ്മദ് നദ് വി പങ്കെടുത്തിരുന്നു.
പാളയം മുൻ ഇമാമായ ഡോ. നദ്വി ഇപ്പോൾ മുട്ടിൽ ഡബ്ല്യു എം ഒ കോളജ് അറബിക് വിഭാഗം അസിസ്റ്റൻറ് പ്രഫസറും കാപ്പാട് ജാമിയ എയ്നുൽഹുദാ അസിസ്റ്റൻറ് റെക്ടറുമാണ്. വിശുദ്ധ ഖുർആൻ മലയാളസാരം ഉൾപ്പെടെ അറബിയിലും മലയാളത്തിലുമായി 15 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.


