29
Jul 2023
Tue
29 Jul 2023 Tue

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്; എല്ലാവര്‍ക്കും വേണ്ടി ഏതു സമയവും തുറന്നുവച്ച വാതില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുപ്പള്ളിയില്‍നിന്ന് കെ.എസ്.യുവിലൂടെ എത്തി മുഖ്യമന്ത്രി വരെ ആയപ്പോഴും ഒരിക്കലും തന്റെ നാട്ടുകാരെ കൈവിട്ടിരുന്നില്ല ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിക്കാര്‍ക്കൊപ്പം ആ വീടിന്റെ വാതില്‍ ഏതുസമയവും എല്ലാവര്‍ക്കും വേണ്ടിയും തുറന്നുവച്ചു.

കെ.എസ്.യുവിലൂടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1962 ല്‍ കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 67 ല്‍ സംസ്ഥാന പ്രസിഡന്റുമായി. 69 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സമയത്ത് തന്നെയാണ് 27 ാം വയസ്സില്‍ (1970 ല്‍) പുതുപ്പള്ളിയില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയില്‍ സിറ്റിങ് എം.എല്‍.എ ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചെടുത്തത്.

പിന്നീട് പുതുപ്പള്ളിക്കാര്‍ തങ്ങളുടെ കുഞ്ഞൂഞ്ഞിനെ കൈവിട്ടില്ല. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വര്‍ഷം മുഖ്യമന്ത്രിയായി. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. ഏതു ഞയറാഴ്ചയും പുതുപ്പള്ളിയിലെ കാരോട്ട് വളളക്കാലിലെ വീട്ടില്‍ ഉമ്മന്‍ചാണ്ടിയുണ്ടാവും.

1977 ല്‍ ആദ്യമായി മന്ത്രിയായത്. കരുണാകന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി. 82 ല്‍ ആഭ്യന്തരമന്ത്രിയും 91 ല്‍ ധനമന്ത്രിയുമായി. 1982 മുതല്‍ 86 വരെയും 2001 മുതല്‍ 2004 വരെയും യുഡിഎഫ് കണ്‍വീനറായി. 2004 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ആദ്യമായി മുഖ്യമന്ത്രിയായി. 2011 ല്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലിരുന്നു. 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.

ഈ പദവികള്‍ക്കൊപ്പം കോണ്‍ഗ്രസിലും ഉന്നതസ്ഥാനത്തായിരുന്നു ഉമ്മന്‍ചാണ്ടി. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമാണ്. അപ്പോഴും രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിര്‍ത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു. ജനസമ്പര്‍ക്കപരിപാടി ആവഷ്‌കരിച്ച് നടപ്പാക്കിയ ഏക മുഖ്യമന്ത്രിയെന്ന വിശേഷണം ഉമ്മന്‍ചാണ്ടിക്ക് സ്വന്തമാണ്. അതിനെ യു.എന്‍ ഉള്‍പ്പെടെ അംഗീകരിച്ചു.

അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച 2.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍. നടക്കും. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.