25
Nov 2024
Tue
25 Nov 2024 Tue
Supreme Court grants interim bail to 23-year-old social media influencer in rape case

ന്യൂഡല്‍ഹി: യു.പിയിലെ യോഗിആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള BJP സര്‍ക്കാരിന് സുപ്രീം കോടതിയില്‍നിന്ന് കനത്ത തിരിച്ചടി. 2004ലെ യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കികൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചു. ഏതെങ്കിലും നിയമനിര്‍മാണത്തില്‍ മതപരമായ കാരണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് അത് ഭരണഘടന വിരുദ്ധമാണെന്ന് പറയാന്‍ ആവില്ലെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജെ.ബി.പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി നേരത്തെ നിയമം റദ്ദാക്കിയത്. ഈ വിധി കോടതി റദ്ദാക്കുകയും ചെയ്തു. ഇതോടെ യു.പിയില്‍ മുസ്ലിംകള്‍ക്ക് മദ്രസാ വിദ്യാഭ്യാസവമുായി മുന്നോട്ടു പോകാന്‍ കഴിയും. യു.പിയിലെ മദ്‌റസ ബോര്‍ഡുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപധാന ഇടപെടല്‍. ഭരണഘടനാവിരുദ്ധമെന്നാരോപിച്ച് ഈ വര്‍ഷം മാര്‍ച്ച് 22നാണ് യു.പി മദ്‌റസ നിയമം അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്. വിധി ഏപ്രിലില്‍ സുപ്രിംകോടതി സ്‌റ്റേചെയ്തിരുന്നു.

നേരത്തെ ഹരജി പരിഗണിക്കുന്നതിനിടെ യു.പി സര്‍ക്കാരിനെയും മദ്‌റസവിരുദ്ധ നിലപാട് സ്വീകരിച്ച ദേശീയബാലവകാശ കമ്മിഷനെയും സുപ്രീം കോടതി വിമര്‍ശനം കൊണ്ട് മൂടിയിരുന്നു. മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്താണ് നിങ്ങള്‍ക്ക് പ്രത്യേക താല്‍പ്പര്യമെന്ന് ചോദിച്ച സുപ്രിംകോടതി, മദ്‌റസയ്‌ക്കെതിരെ മാത്രം നീങ്ങുന്നത് ചോദ്യംചെയ്യുകയും ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുകയുംചെയ്തു.

നേരത്തെ അന്തിമവാദത്തിനിടെ ശക്തമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ മതനിരപേക്ഷതയുടെ ലംഘനമായി കണക്കാക്കാനാവില്ലെന്ന ശക്തമായ നിരീക്ഷണവും കോടതി നടത്തി.
മദ്‌റസ ബോര്‍ഡിനെ മൊത്തമായി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹൈക്കോടതി നടപടിയെയും സുപ്രിംകോടതി വിമര്‍ശിച്ചു. മദ്‌റസാ നടത്തിപ്പ് പോലെ 700 വര്‍ഷമൊക്കെ പഴക്കമുള്ള ഒരു ചരിത്രം ഒറ്റയടിക്ക് നിങ്ങള്‍ക്ക് എങ്ങിനെ മായ്ച്ചുകളയാനാകും. ഇനി ഞങ്ങള്‍ ഹൈക്കോടതി വിധി ശരിവച്ചെന്നു കരുതുക. അപ്പോഴും മാതാപിതാക്കള്‍ കുട്ടികളെ മദ്‌റസയിലേക്ക് അയക്കുന്നതിനാല്‍ സംവിധാനം ഇല്ലാതാകില്ല. ഇതുസംബന്ധിച്ച മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നിയമനിര്‍മ്മാണ അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും കോടതി പറഞ്ഞു.

മദ്‌റസ നിയമം മതേതര വിദ്യാഭ്യാസം ഉറപ്പാക്കുന്നില്ലെന്നും കൂടുതലും മതപരമായ പഠനങ്ങളാണെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഒരു പ്രത്യേക സമുദായത്തിന്റെ മതസ്ഥാപനത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ഓര്‍മിപ്പിച്ചു.

മതപരമായ പഠനസംവിധാനങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമല്ല ഉള്ളത്. അത് ഹിന്ദുക്കളിലും സിഖുകാരിലും ക്രിസ്ത്യാനികളിലും ഉണ്ട്. രാജ്യം സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും ഒരു കലവറയായിരിക്കണം. നമുക്ക് അത് അങ്ങനെ തന്നെ സംരക്ഷിച്ചുനിര്‍ത്താം. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ മുഖ്യധാരയിലേക്ക് വരാന്‍ അവസരം ഉണ്ടാക്കുകയും അവരെ ഒരുമിച്ചുകൂടാന്‍ അനുവദിക്കുകയും ചെയ്യുക എന്നതാണ് ചേരിവല്‍ക്കരണം ഇല്ലാതാക്കാനുള്ള പോംവഴിയെന്നും ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇതിനിടെ ഇടപെട്ട ബെഞ്ചിലെ മറ്റൊരു ജഡ്ജി ജെ.ബി പര്‍ദ്ദിവാല, മതപരമായ പഠനം ഭരണഘടന വിലക്കിയിട്ടില്ലെന്ന് വ്യക്തമാക്കി.

UP Madrasa Education Act was upheld by the Supreme Court