02
Sep 2024
Thu
02 Sep 2024 Thu
P V Anvar working for enemies alleges LDF convenor

മുഖ്യമന്ത്രിക്കെതിരേ പരസ്യപ്രസ്താവന നടത്തി എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎൽഎ പി വി അൻവറിനെതിരേ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പി വി അൻവർ ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. മു​ഖ്യ​മ​ന്ത്രി കൂ​ടു​ത​ൽ ശോ​ഭ​യോ​ടെ ജ്വ​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​ർ​ക്കും അ​ത് കെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പി​ണ​റാ​യി എ​ന്ന സൂ​ര്യ​ൻ കെ​ട്ടു​പോ​യെ​ന്നും ക​ത്തി​ജ്വ​ലി​ച്ചു നി​ന്ന സൂ​ര്യ​നാ​യി​രു​ന്നു​വെ​ന്നുമുള്ള അൻവറിന്റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരസ്യപ്രസ്താവന വേണ്ടെന്ന പാർട്ടിയുടെ താക്കീത് ലംഘിച്ച് ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനായിരുന്നു പി വി അൻവർ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി നിസ്സഹായനാണെന്ന് തനിക്ക് മനസിലായി. പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ആഭ്യന്തരവകുപ്പ് മന്ത്രി അറിയുന്നില്ല. കാട്ടുകള്ളന്‍ പി ശശിയാണ് മുഖ്യമന്ത്രിയെ കേരളത്തില്‍ വികൃതമാക്കുന്നത്. മുഖ്യമന്ത്രി എന്നെ ചതിച്ചെന്ന് ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും മനസിലാക്കണമെന്നും അന്‍വര്‍ പറഞ്ഞു.

താനുള്‍പ്പെടെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ കത്തിജ്വലിക്കുന്ന ഒരു സൂര്യനായിരുന്നു മുഖ്യമന്ത്രി. ഇപ്പോള്‍ ആ സൂര്യന്‍ കെട്ടുപോയെന്നും അൻവർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ല്‍ നിന്ന് പൂജ്യമായി എന്ന് താന്‍ നേരിട്ട് മുഖ്യമന്ത്രിയോട് പറഞ്ഞു. അതെല്ലാം അദ്ദേഹം സാകൂതം കേട്ടുകൊണ്ടിരുന്നു. ‘മുഖ്യമന്ത്രിയോട് ഇതെല്ലാം പറയുമ്പോള്‍ എന്റെ തൊണ്ടയിടറി. പിതാവിനെ പോലെയാണ് ഞാന്‍ ആ മനുഷ്യനെ കണ്ടിരുന്നത്. അദ്ദേഹം തികഞ്ഞ സെക്യുലറിസ്റ്റാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അജിത് കുമാറിനെ അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൂടേയെന്ന് ഞാന്‍ ചോദിച്ചു. നോക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ആ മനുഷ്യന്‍ എന്നെ ചതിച്ചു.’ അന്‍വര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുസ്വര്‍ണം പൊലീസ് തട്ടിയെടുക്കുന്നുവെന്ന തന്റെ ആരോപണങ്ങള്‍ക്ക് ബലം നല്‍കാന്‍ രണ്ട് വിഡിയോ തെളിവുകളുമായാണ് അന്‍വര്‍ ഇന്നെത്തിയത്. തങ്ങള്‍ കടത്തിയ സ്വര്‍ണം പൊലീസ് മുക്കിയെന്ന് രണ്ട് കാരിയറുമാര്‍ തന്നോട് പറയുന്ന വിഡിയോ അന്‍വര്‍ പുറത്തുവിട്ടു. സുജിത് ദാസും എഡിജിപിയും പി ശശിയും ചേര്‍ന്ന് സ്വര്‍ണം തട്ടിയെന്ന് അന്‍വര്‍ പറഞ്ഞു. പോലീസിലെ ആര്‍എസ്എസ് വൽക്കരണം, സഖാക്കളെ അടിച്ചമര്‍ത്തല്‍ ഇതിനെതിരായാണ് താന്‍ വിളിച്ചുപറഞ്ഞത്. തന്റെ പിന്നില്‍ പടച്ചോന്‍ മാത്രമേയുള്ളൂ. പോലീസിന്റെ നിലപാട് ശരിയല്ല. അതുകൊണ്ട് താന്‍ പിന്നാലെ പോകും. ഇന്ന് കേരളത്തില്‍ നീതി കിട്ടാത്ത രണ്ട് വിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളും പാര്‍ട്ടി സഖാക്കളുമാണ്. ഒരു ജഡ്ജിയുടെ സാന്നിധ്യത്തില്‍ താന്‍ പറഞ്ഞ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അന്‍വര്‍ പറയുകയുണ്ടായി.

എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്നതടക്കമുള്ള പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകൾ സർക്കാരിനെ പ്രതികൂട്ടിലാക്കിയിരുന്നു. തൃശൂർ പൂരം കലക്കാനും ഇതിലൂടെ ബിജെപിക്ക് നേട്ടമുണ്ടാക്കാനും ഇടത് പക്ഷത്തുള്ളവർ ശ്രമിച്ചെന്ന ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരുന്നതിനിടെയാണ് പാർട്ടി വിലക്ക് ലംഘിച്ച് പി വി അൻവർ വാർത്താസമ്മേളനം വിളിച്ച് എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

 

ALSO READ: പി വി അൻ‌വർ എംഎൽഎ എൽഡിഎഫ് വിട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക