|
കൊച്ചി: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പദയാത്ര നടത്തും. 20 മണ്ഡലങ്ങളിലായി 10 കിലോ മീറ്റർ വീതം പദയാത്രയും ജനസമ്പർക്ക പരിപാടിയും സംഘടിപ്പിക്കാൻ ഇന്നലെ കൊച്ചിയിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിച്ചു.
ഒരു ലക്ഷത്തിലേറെപ്പേരെ സംഘടിപ്പിച്ച് കോഴിക്കോട് പൂർവ്വ സൈനിക സമ്മേളനം, തിരുവനന്തപുരത്ത് കുടുംബശ്രീ- ആശാവർക്കർ, പോസ്റ്റ് ഓഫീസ് സേവികാ വനിതാ സമ്മേളനം, കൊച്ചിയിൽ നരേന്ദ്രമോദി ആരാധകരായ യുവാക്കളുടെ സംഗമം എന്നിവയും യോഗം തീരുമാനിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലായിരിക്കും അധ്യക്ഷന്റെ പദയാത്ര. സംഗമങ്ങൾ മാർച്ചിൽ നടക്കും. ഓരോ ലോക്സഭാ മണ്ഡലവും കേന്ദ്രീകരിച്ച് ഒരു ദിവസം രാവിലെ മുതൽ ഉച്ചവരെ പൗരപ്രമുഖരുടെ യോഗം, അതിന് ശേഷം 10 കിലോ മീറ്റർ നടത്തം എന്നിവയാണ് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുക.
ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് കേരളത്തിന്റെ പ്രവർത്തന ചുമതലയുള്ള പ്രകാശ് ജാവദേക്കർ പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ആരോപിച്ച ജാവദേക്കർ തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ച് സീറ്റുകൾ നേടുമെന്നും അവകാശപ്പെട്ടു.



