24
Jun 2025
Tue
24 Jun 2025 Tue
Panakkad Abbas Ali Thangal

മലപ്പുറം: പാണക്കാട് കുടുംബം ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണം ബഹിഷ്‌കരിക്കുന്നുവെന്ന വിവാദം അവസാനിപ്പിക്കാന്‍ ഇടപെടല്‍. (Panakkad Abbas Ali Thangal today in Nilambur UDF convention) മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി തങ്ങള്‍ ഇന്ന് യുഡിഎഫ് നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബ്ബാസ് അലി തങ്ങള്‍ പോത്തുകല്ലിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് അറിയിച്ചത്. ഇന്നലെ നിലമ്പൂരില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. ഇത് വിവാദമായതോടെ ലീഗ് നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് അബ്ബാസ് അലി തങ്ങളെ ഇന്ന് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്നാണ് വിവരം.

പാണക്കാട് കുടുംബത്തില്‍ നിന്ന് ആരെങ്കിലും പങ്കെടുക്കാതെ യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടക്കാറില്ല, പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍.

ALSO READ: അച്ഛന്‍ ആഡംബരകാര്‍ വാങ്ങി നല്‍കാത്തതിന് 21കാരന്‍ ജീവനൊടുക്കി

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പകരം പങ്കെടുക്കേണ്ട, അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. എന്നാല്‍ ജില്ലയിലെ മറ്റ് പരിപാടികളില്‍ അദ്ദേഹം സജീവമായി ഉണ്ടായിരുന്നു.

പാണക്കാട് കുടുംബത്തെ പോലെ തന്നെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്തതും ചര്‍ച്ചയായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളുടെ അസാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്.

വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ ജൂണ്‍ ആറാം തീയതി മുതലേ മണ്ഡലത്തില്‍ ഉണ്ടാവുകയുള്ളു എന്ന് കെ മുരളീധരന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

അതേസമയം കെ സുധാകരനും രമേശ് ചെന്നിത്തലയും അസൗകര്യം അറിയിച്ചതായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി. ഇരുവരുമായി സംസാരിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.