‘ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും’; പാണക്കാട് മുഈനലി തങ്ങള്‍ക്ക് വധഭീഷണി; പിന്നില്‍ ലീഗുകാരെന്ന് സൂചന
|
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് മുഈനലി തങ്ങള്‍ക്ക് വധഭീഷണി. മുസ്ലിംലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് എന്നയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മുഈനാലി തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് ഭീഷണി.
‘തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നാണ് ലഭിച്ച ഭീഷണി സന്ദേശം. ഓഡിയോ സന്ദേശമടക്കം മുഈനലി തങ്ങള്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞദിവസം മുസ്!ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും അബ്ദുസ്സമദ് സമദാനി എം.പിയെയും മുഈനലി തങ്ങള്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിനായിരുന്നു ആദ്യം മുഈനലി തങ്ങളുടെ പരോക്ഷ മറുപടി. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നാണ് മുഈനലി തങ്ങള്‍ പ്രതികരിച്ചത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരില്‍ 2021ല്‍ ലീഗ് ഹൗസില്‍ വെച്ച് മുഈന്‍ അലി തങ്ങള്‍ക്കെതിരെ റാഫി, കടുത്ത ആക്ഷേപവാക്കുകള്‍ പരസ്യമായി ചൊരിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് റാഫിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലീഗുമായി ബന്ധപ്പെട്ട ചില അക്രമസംഭവങ്ങളിലും പ്രതിയാണ് റാഫി.





