കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിലക്കിന് പുല്ലുവില നൽകി പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ. അരുതെന്ന് പറഞ്ഞിട്ടും സാദിഖലി തങ്ങൾ സമസ്തയിൽനിന്ന് അടുത്തിടെ പുറത്താക്കിയ
കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുമായി വേദി പങ്കിട്ടു.
|
സമസ്തയുടെ പോഷക സംഘടനകളായ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗമാണ് നേതാക്കൾക്കും പ്രവർത്തകർക്കും ഇതുസംബന്ധിച്ച് ഇന്നലെ സർക്കുലർ ഇറക്കുകയും അത് പൊതുമധ്യത്തിൽ വിതരണംചെയ്‌തെങ്കിലും സാദിഖലി ശിഹാബ് തങ്ങൾ അത് അവഗണിക്കുകയായിരുന്നു.
ഇന്നലെ കോഴിക്കോട് നാദാപുരത്ത് വാഫി കോളജ് പരിപാടിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കാനിരിക്കെയാണ് സമസ്ത നേതാക്കൾ ധൃതിപിടിച്ച് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ലീഗ് സംസ്ഥാന അധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും.
നാദാപുരം പെരുമുണ്ടശ്ശേരിയിൽ നടക്കുന്ന വാഫി പരിപാടിയിൽ ഹക്കീം ഫൈസിക്കൊപ്പം സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കളും പങ്കെടുത്തു. സമസ്ത സ്ഥാപകനായ വരക്കൽ മുല്ലക്കോയ തങ്ങളുടെ പേരിലുള്ള വാഫി കോളജ് ഉദ്ഘാടനവും അടുത്തിടെ മരിച്ച സമസ്ത ഖജാഞ്ചി ചേലക്കാട് ഉസ്താദിന്റെ പേരിലുള്ള വഫിയ്യ കോളജ് ശിലാസ്ഥാപനവുമാണ് ഇന്നലെ നടന്നത്.
സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശവിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്കനടപടി സ്വീകരിച്ച അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടരുതെന്നാണ് സമസ്ത വാർത്താകുറിപ്പിൽ പറഞ്ഞിരുന്നത്.



