25
Jul 2025
Mon
25 Jul 2025 Mon

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനകാലത്ത് 17 ബില്ലുകള്‍ അവതരിപ്പിക്കും. തുറന്ന മനസ്സോടെ എല്ലാ ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തയാറാണെന്നും നിയമങ്ങളെയും പാര്‍ലമെന്റിന്റെ മഹത്തായ പാരമ്പര്യത്തെയും ബഹുമാനിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു. ആകെ 21 പ്രവൃത്തിദിവസങ്ങളുണ്ടാകും. ഓഗസ്റ്റ് 21 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിനിടെ ഓഗസ്റ്റ് 12 മുതല്‍ 18 വരെ ഇടവേളയുണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെ സമ്മേളനം ചൂടുപിടിക്കുമെന്ന് ഉറപ്പായി. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനായി ശനിയാഴ്ച രാത്രി ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പങ്കെടുത്തത് ഇന്‍ഡ്യാ സഖ്യത്തിന് പുത്തനുണര്‍വ് ഉണ്ടാക്കി.

സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ രാവിലെ കേന്ദ്ര പാര്‍ലമെന്ററമന്ത്രി കിരണ്‍ റിജിജു സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി. സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായകവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് യോഗത്തെ കിരണ്‍ റിജിജു അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഒരു വിഷയത്തില്‍നിന്നും ഒളിച്ചോടില്ലെന്നും പാര്‍ലമെന്റ് സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ- പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥതവഹിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം സംബന്ധിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കാനിരിക്കെ, സര്‍ക്കാര്‍ എല്ലാ ചോദ്യങ്ങളെയും സഭയ്ക്കുള്ളില്‍ അഭിമുഖീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Parliament’s monsoon session begins today; heat to rise as Sindoor is discussed