ATM മെഷീന്‍ എന്ന് കരുതി Pass Book പ്രിന്റര്‍ പൊളിച്ചു; മലപ്പുറത്ത് യുവാവിന് എട്ടിന്റെ പണി; മണിക്കൂറുകള്‍ക്കകം പൊലിസ് പൊക്കി
|
മലപ്പുറം: ATM മെഷീന്‍ ആണെന്ന് കരുതി Pass Book പ്രിന്റര്‍ പൊളിച്ച യുവാവിനെ മലപ്പുറം പോലീസ് മണിക്കൂറുകള്‍ക്കകം പൊക്കി. ഉത്തര്‍പ്രദേശ് അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്.
ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ തിരൂര്‍ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറില്‍ കയറി മോഷണത്തിന് ശ്രമിച്ചത്. എടിഎം ആണെന്നു കരുതി, കയ്യിലുണ്ടായിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റര്‍ മെഷീന്‍ തകര്‍ക്കുകയായിരുന്നു. ഇതില്‍ പണം കാണാതെ വന്നതോടെ അടുത്തുണ്ടായിരുന്ന കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ചു. എന്നാല്‍, ഇതു പൂര്‍ണമായി പൊളിക്കാന്‍ സാധിക്കാതെ വന്നതോടെ ഇയാള്‍ മുങ്ങി. ബാങ്ക് കെട്ടിടത്തിനുള്ളിലെ സുരക്ഷാജീവനക്കാരന്‍ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്.
സിസിടിവിയില്‍ നിന്നു മോഷണശ്രമം മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. സിസിടിവിയില്‍ നിന്ന് ആളെ മനസ്സിലാക്കിയതിനാല്‍ ആളെ പെട്ടെന്ന് തിരിച്ചറിയാനായി. ഇതോടെ കൃത്യം നടത്തി താഴേപ്പാലത്തു കറങ്ങി നടക്കുകയായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടുകയായിരുന്നു.
യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് പുത്തനത്താണിയിലാണു താമസം. ദേശീയപാതയുടെ പണിക്കാരനായി ഒരു മാസം മുന്‍പാണ് ഇവിടെയെത്തിയത്. മദ്യപിച്ച ശേഷം ഇന്നലെ പുലര്‍ച്ചെ തിരൂരിലെത്തുകയായിരുന്നു എന്നാണ് കരുതുന്നത്. മെഷീനുകള്‍ പൊളിച്ചതോടെ ബാങ്കിന് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷ്, എസ്‌ഐ ആര്‍ പി സുജിത്, സീനിയര്‍ സിപിഒ വി പി രതീഷ്, സിപിഒമാരായ കെ ദില്‍ജിത്, പി അനീഷ് എന്നിവരാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്.
pass book printer demolished Mistaking it for an ATM machine accused arrested in malappuram





