കൊച്ചി: ഗുണ്ടാ നേതാവ് പെരുമ്പാവൂര്‍ അനസിന്റെ സംഘത്തെ വലയിലാക്കാന്‍ വ്യാപക റെയ്ഡ്. ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തുന്ന പരിശോധന ഇന്നും തുടരും. ഇന്നലെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അനസിന്റെ അടുത്ത കൂട്ടാളി റിയാസ് തോക്കുകളുമായി പിടിയിലായിട്ടുണ്ട്. ( perumbavoor-anas-team-is-the-target-the-investigation-by-the-anti-terrorist-squad)
|
പെരുമ്പാവൂര്‍ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് പരിശോധന നടത്തിയത്. വിവരമറിഞ്ഞതോടെ സംഘത്തില്‍ പലരും മുങ്ങി. മാഞ്ഞാലിയിലെ റിയാസിന്റെ വീട്ടില്‍ നടത്തിയ റെയിഡില്‍ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
അനസിന്റെ മറ്റൊരു കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കല്‍ സ്വദേശി അല്‍ത്താഫിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ റിവോള്‍വര്‍ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയര്‍ പിസ്റ്റലില്‍ ഉപയോഗിക്കാവുന്ന ഒരു ബോക്‌സ് പെല്ലറ്റുകളും കണ്ടെത്തി. അനസുമായി ബന്ധമുള്ള ഒരാള്‍ താമസിച്ചിരുന്ന തമിഴ്‌നാട് ആനമലയിലെ വീട്ടിലും ഗുരുവായൂരിലെ ഫ്‌ലാറ്റിലും റെയ്ഡ് നടത്തി. ഒരു വടിവാള്‍ കണ്ടെത്തി. മറ്റൊരു കൂട്ടാളി മഞ്ചേരി സ്വദേശി നിസാറിന്റെ വീട്ടിലും ഇയാള്‍ ജോലി ചെയ്തിരുന്ന രാജാക്കാടുള്ള വീട്ടിലും റെയ്ഡ് നടത്തി. തമിഴ്‌നാട് മേട്ടുപാളയത്തെ മറ്റൊരു വീട്ടിലും റെയ്ഡ് നടന്നു. കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തി.
അനസ് ഇപ്പോള്‍ ദുബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദുബയില്‍ അനസ് തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ദൃശ്യങ്ങള്‍ ഈയിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട് അനസിന്.
റെന്റ് എ കാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ആലുവ മാവിന്‍ചുവട് മുബാറക്കിനെ കൊലപ്പെടുത്തിയ കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് റിയാസ്.അനസിന്റെ സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഔറംഗസേബ് എന്നയാള്‍ അടുത്തിടെ അനസിനെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.





