|
കാസർഗോഡ്: ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചർച്ച ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നടന്നത് അല്ല. ആർഎസ്എസിന്റെ അജണ്ട തിരിച്ചറിയുന്നവരാണ് ന്യൂനപക്ഷങ്ങൾ. ന്യൂനപക്ഷം ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി.
ജമാഅത്തെ ഇസ്ലാമി എന്ന പേര് ഉണ്ടെങ്കിലും അവർക്ക് മറ്റൊരു രൂപമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയാണ് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി മുസ്ലീം ലീഗുമായും കോൺഗ്രസുമായും കൂട്ടുകൂടിയവരാണ്. വെൽഫെയർ പാർട്ടി സഖ്യത്തിന് നേതൃത്വം നൽകുന്നത് ലീഗിലെ ഒരു വിഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ച ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധിയിൽ മാത്രം ഉദിച്ചതല്ലെന്നും കോൺഗ്രസിനും ലീഗിനും അതിൽ പങ്കുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന് നേരത്തെ ആർഎസ്എസിനോട് താൽപര്യമുണ്ട്. നടന്നത് ഏറെ ദുരൂഹമായ സംഭവമാണ്. വർഗീയത കരണം ഈ മണ്ണിൽ ജീവിക്കാൻ കഴിയുമോ എന്ന് തന്നെ ആശങ്കയാണ് ജനങ്ങൾക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



