മണ്ണാര്‍ക്കാട് സ്വദേശിനിയായ മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍, പിങ്ക് പോലീസിന്റെ സ്തുത്യര്‍ഹമായ ഇടപെടല്‍ സംബന്ധിച്ച് എസ്ഡിപിഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോക്കല്‍ പോലീസ് തികഞ്ഞ അനാസ്ഥ കാണിച്ച സംഭവത്തില്‍ പാതിരാത്രിയിലും പിങ്ക് പോലീസ് മികച്ച രീതിയില്‍ ഇടപെട്ടതായി എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി മജീദ് ഷോര്‍ണൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
|
ജനുവരി 2-ന് രാത്രി 11.30ഓടെയാണ് പെണ്‍കുട്ടിയെ കാണാതായ വിവരം ലഭിച്ചത്. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ മജീദ് നേരിട്ട് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
സ്റ്റേഷനിലെത്തി ഫോട്ടോയുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി. ബന്ധുക്കള്‍ക്ക് കൈമാറുന്നതിന് ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും തികച്ചും മോശമായ പ്രതികരണമാണ് ലഭിച്ചതെന്നും കേസ് റെയില്‍വേ പൊലീസിന്റെ പരിധിയിലാണെന്ന പറഞ്ഞ് കൈയൊഴിയുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിക്കുന്നു. തുടര്‍ന്ന് പിങ്ക് പൊലീസിന്റെ വനിത ഹെല്‍പ്ലൈന്‍ 181-ല്‍ ബന്ധപ്പെടുകയായിരുന്നു. തികഞ്ഞ ഉത്തരവാദിത്തത്തോടെ വിഷയത്തില്‍ ഇടപെട്ട പിങ്ക് പോലീസ്, കുട്ടി സുരക്ഷിതമായി ബന്ധുക്കളുടെ കൈയില്‍ എത്തിയെന്ന് ഉറപ്പ് വരുന്നത് വരെ ഫോളോഅപ്പ് ചെയ്യുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ 02/01/2026 രാത്രി 11:30ന് എസ്. ഡി. പി.ഐ. മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് മുസ്തഫ സാഹിബിന്റെ ഒരു ഫോണ്‍കോള്‍ വന്നു.
”മജീദ് സാഹിബേ, ഇടത്താനാട്ടുകാരനായ നമ്മുടെ ഒരു സഹപ്രവര്‍ത്തകന്റെ വീടിന് സമീപം താമസിക്കുന്ന, മാനസിക നില അല്പം പ്രയാസമുള്ള ഒരു പെണ്‍കുട്ടി ഇന്ന് ഉച്ച മുതല്‍ മിസ്സിംഗ് ആണ്.
മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടിയുടെ ഫോണ്‍ ലൊക്കേഷന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നാണ് കാണിക്കുന്നത്.
നമുക്ക് ഏതെങ്കിലും വിധത്തില്‍ സഹായിക്കാനാകുമോ? അവിടെയുള്ള പ്രവര്‍ത്തകര്‍ക്ക് ഈ മെസേജ് ഒന്ന് പാസ് ചെയ്യാന്‍ പറ്റുമോ?” എന്നാണ് ചോദിച്ചത്.
ഞാന്‍ പറഞ്ഞു:
”ഇപ്പോള്‍ രാത്രി അല്ലേ, എല്ലാവരും ഉറക്കത്തിലായിരിക്കും. ഞാന്‍ നേരിട്ട് അന്വേഷിക്കാം. കുട്ടിയുടെ ഫോട്ടോയും കുടുംബത്തിന്റെ വിവരങ്ങളും എനിക്കു അയയ്ക്കൂ. ഞാന്‍ ഉടന്‍ റെയില്‍വേ സ്റ്റേഷനിലെത്തി നിങ്ങളെ വിളിക്കാം.”
റെയില്‍വേ സ്റ്റേഷനിലെത്തിയ ഉടന്‍ ഫോട്ടോ നോക്കി കുട്ടിയെ ട്രേസ് ചെയ്തു. ഒരു സ്ത്രീ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. എങ്ങനെ പ്രതികരിക്കണം എന്നതില്‍ തന്നെ സംശയം…
എന്തായാലും ബന്ധുക്കള്‍ വരുന്നതുവരെ ഒരു സേഫ് സോണ്‍ ഒരുക്കണം എന്നല്ലോ.
ഇനിയാണ് കഥ തുടങ്ങുന്നത്…
ഉടനെ സഹപ്രവര്‍ത്തകരായ അക്ബര്‍, സകീര്‍ എന്നിവരെ ബന്ധപ്പെട്ടു. RPF നെ കണക്ട് ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ, അതില്‍ നിന്ന് വലിയ സഹായം ലഭിച്ചില്ല – നിരാശയായിരുന്നു.
ബന്ധുക്കള്‍ വരുന്നത് വരെ എങ്ങനെ ഹോള്‍ഡ് ചെയ്യും എന്ന ആശങ്കയില്‍… ആകെ ആശയക്കുഴപ്പത്തിലായി.
അങ്ങനെ ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി കാര്യം പറഞ്ഞു.
ഉടന്‍ തുടങ്ങി ചോദ്യം:
”നീ ആരാണ്?”
”നിന്നെ വിളിച്ചത് ആരാണ്?”
”ഇതില്‍ നിനക്കെന്താ കാര്യം?”
നമ്മുടെ ജനമൈത്രി പൊലീസിന്റെ തനതു സ്വഭാവങ്ങള്‍…
ഒരു നിമിഷം ഞാന്‍ തന്നെ പ്രതിയാകുമോ എന്നുവരെ തോന്നിപ്പോയി.
അടുത്ത ഡയലോഗ്:
”ഇത് നോക്കേണ്ടത് റെയില്‍വേ പൊലീസാണ്. ഞങ്ങളുടെ ഡ്യൂട്ടി അല്ല.”
ഞാന്‍ പറഞ്ഞു:
”ഓക്കേ സാര്‍, എന്നാല്‍ ശരി.”
പക്ഷേ, ആ ‘ശരി’ പൊലീസിന് ഇഷ്ടപ്പെട്ടില്ല.
അടുത്ത ചോദ്യം:
”എന്താ, നിനക്ക് ഇഷ്ടമായില്ലേ?”
”ഓക്കേ സാര്‍, ഞാന്‍ നോക്കിക്കോളാം” എന്ന് പറഞ്ഞു അവിടെ നിന്നിറങ്ങി.
അങ്ങനെ ഞാന്‍ പിങ്ക് പൊലീസ് – 181 വനിത ഹെല്‍പ്ലൈനില്‍ ബന്ധപ്പെട്ടു. കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
?? GOOD RESPONSE.
അതിനുശേഷം കാര്യങ്ങള്‍ പൂര്‍ണ്ണമായും മാറി.
RPF ഉടന്‍ തന്നെ ബന്ധപ്പെട്ടു, കുട്ടിയെ ബന്ധുക്കള്‍ എത്തുന്നതുവരെ പൊലീസ് നിരീക്ഷണത്തില്‍ സുരക്ഷിതമായി ഏല്‍പ്പിച്ചു.
പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നു വീണ്ടും വിളിച്ചു:
”മജീദ്, നിങ്ങളെ പൊലീസ് ബന്ധപ്പെടും. ഇല്ലെങ്കില്‍ ഉടന്‍ 181 വിളിച്ച് 126-ല്‍ കണക്ട് ചെയ്താല്‍ മതി.”
അങ്ങനെ റെയില്‍വേ പൊലീസ് വളരെ മാന്യമായി സഹകരിച്ചു.
വീണ്ടും പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളി:
”മജീദ്, എന്തെങ്കിലും പ്രശ്‌നമുണ്ടോ? കുട്ടി സേഫ് അല്ലേ?”
ഞാന്‍ പറഞ്ഞു:
”ബന്ധുക്കള്‍ വരുന്നതുവരെ ഹാന്‍ഡ് ഓവര്‍ ചെയ്യാതെ ഞാന്‍ ഇവിടെ തന്നെ നില്‍ക്കും.”
”ബന്ധുക്കള്‍ വന്നാല്‍ ഒന്ന് വിളിക്കണേ” എന്ന് മേഡം പറഞ്ഞു.
”ഓക്കേ മേഡം, വിളിക്കാം” എന്ന് ഞാന്‍ പറഞ്ഞു.
ഏകദേശം രാത്രി 1 മണിയോടെ കുട്ടിയുടെ ബന്ധുക്കള്‍ എത്തി.
റെയില്‍വേ പൊലീസുമായി സംസാരിച്ച്, കുട്ടിയെ സുരക്ഷിതമായി ഹാന്‍ഡ് ഓവര്‍ ചെയ്തു.
വീണ്ടും പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളി:
”എന്തായി മജീദ്?”
”മേഡം, ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ പൊലീസുമായി സംസാരിക്കുകയാണ്.”
ഞാന്‍ ഫോണ്‍ ബന്ധുവിന് കൊടുത്തു. മേഡം അവരുമായി സംസാരിച്ചു.
ബന്ധുക്കള്‍ മേഡത്തിനും പിങ്ക് പൊലീസിനും നന്ദി അറിയിച്ചു.
അപ്പോഴാണ് –
ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വീണ്ടും ഫോണ്‍.
”മജീദ് സാര്‍ അല്ലേ?”
”അതെ.”
”മണ്ണാര്‍ക്കാട് വിമന്‍സ് മിസ്സിംഗ് കേസ് പറഞ്ഞത്?”
”അതെ.”
”ബന്ധുക്കള്‍ വന്നോ?”
”വന്നിട്ടുണ്ട്.”
”എന്തെങ്കിലും ഹെല്‍പ്പ് വേണോ?”
ഞാന്‍ പറഞ്ഞു:
”കുറച്ചു മുന്‍പ് ഞാന്‍ സ്റ്റേഷനില്‍ വന്നപ്പോള്‍ സാര്‍ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്…’
അതിനൊരു മറുപടി ഉണ്ടായില്ല.
പിന്നെ കേരള പൊലീസിന്റെ ആത്മവീര്യം തകര്‍ക്കേണ്ട എന്ന് കരുതി, Good bye പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.
ലോക്കല്‍ പൊലീസ് ലോക്കല്‍ തന്നെ എന്ന് മനസ്സിലായി.
പക്ഷേ, പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂമിലെ മേഡം ജോലി ഉത്തരവാദിത്തത്തോടെ കൃത്യമായി നിര്‍വഹിച്ചു.
പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂമിനും, അവിടെ പ്രവര്‍ത്തിക്കുന്ന മേഡത്തിനും ഒരായിരം അഭിനന്ദനങ്ങള്‍…
NB:
പ്രിയപ്പെട്ട സഹോദരിമാരേ, ഉമ്മമാരേ, അനുജത്തിമാരേ –
പിങ്ക് പൊലീസിന്റെ കണ്‍ട്രോള്‍ റൂം നമ്പര്‍ #181 നിര്‍ബന്ധമായും നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത് വയ്ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
മജീദ്
ഷൊര്‍ണൂര്‍


