27
Oct 2024
Sat
27 Oct 2024 Sat
Play school teacher fired for beating three year old

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ അധ്യാപിക ക്രൂരമായി മര്‍ദിച്ച പ്ലേ സ്കൂൾ അടച്ചുപൂട്ടി. പ്ലേ സ്കൂളിന്റെ പ്രവർത്തനം തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മട്ടാഞ്ചേരി സമാർട് കിഡ്സ് പ്ലേ സ്കൂൾ ആണ് പൂട്ടുന്നത്. വിദ്യാഭ്യാസ വകുപ്പിന്‍റെ അം​ഗീകാരമില്ലാത്ത പ്ലേ സ്കൂളാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സ്കൂളിന്‍റെ പ്രവർത്തനം നിർത്തിവെയ്ക്കാൻ നോട്ടീസ് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സംസ്ഥാന വി​ദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടവും അനുസരിച്ചു തുടർനടപടി സ്വീകരിക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് അം​ഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

അം​ഗീകാരവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ഇത്തരം സ്ഥാപനങ്ങൾ നടത്താൻ കെട്ടിടങ്ങൾ വിട്ടുനൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

മർദനത്തെത്തുടർന്ന് അധ്യാപികയെ കഴിഞ്ഞദിവസം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് വിദ്യാര്‍ഥിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മരദിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിന് ചൂരല്‍ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി.

വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അധ്യാപികയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Play school shutdown after teacher beating three year old