26
Jun 2024
Wed
26 Jun 2024 Wed
Kerala plus one third allotment

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ( plus one third allotment list; crisis in malppuram )  അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന്(ബുധനാഴ്ച) രാവിലെ 10ന് തുടങ്ങി. 21ന് വൈകീട്ട് അഞ്ച് വരെ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.inല്‍ വഴി ലഭ്യമാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താല്‍ക്കാലിക പ്രവേശനത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. ഈ വിദ്യാര്‍ഥികള്‍ ഈ ഘട്ടത്തില്‍ സ്ഥിരം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.

സ്പോര്‍ട്‌സ് ക്വോട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റും പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കുള്ള പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് റിസല്‍ട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മുതല്‍ 20 വൈകീട്ട് 4 മണിവരെയാണ് സ്പോര്‍ട്‌സ് ക്വോട്ട പ്രവേശനം. ബുധനാഴ്ച രാവിലെ 10 മുതല്‍ 21ന് വൈകീട്ട് അഞ്ച് വരെയാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനം. ഇതുവരെ അപേക്ഷിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയവരും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അലോട്ട്മെന്റില്‍ ഇടംനേടാതെ പോയവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം.

മലപ്പുറത്ത് പ്രസിസന്ധി രൂക്ഷം

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്മെന്റ് വന്നിട്ടും മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. 82,446 ആണ് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മെറിറ്റ് 50,080 ആണ് സീറ്റുകള്‍. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 50,036 ആണ്. 32,410 വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ല. മെറിറ്റില്‍ ഇനി ശേഷിക്കുന്നത് 44 സീറ്റുകള്‍ മാത്രമാണ്. മാനേജ്മെന്റ്, സ്പോര്‍ട്സ്, കമ്മ്യൂണിറ്റി ക്വാട്ടകള്‍ ഉള്‍പ്പടെ ചേര്‍ത്താലും ബാക്കിയുള്ളത് 6437 സീറ്റുകള്‍ മാത്രമായിരിക്കും.

ഇതുള്‍പ്പെടെ പരിഗണിച്ചാലും 25973 വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരും. ഇവര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. സ്വകാര്യ മേഖലയെ ആശ്രയിച്ചാലും ജില്ലക്ക് രക്ഷയില്ല. ജില്ലയില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ശേഷിക്കുന്നത് 10,877 സീറ്റുകള്‍ മാത്രമാണ്. അപ്പോഴും 15,096 വിദ്യാര്‍ത്ഥികള്‍ പുറത്ത് തന്നെ നില്‍ക്കണം.