25
Apr 2024
Wed
25 Apr 2024 Wed

കെകെ ശൈലജയെ അപമാനിച്ചു; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെകെ ഷൈലജയെ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയ മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്. കെകെ ഷൈലജയ്‌ക്കെതിരെ മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ശബ്ദസന്ദേശം അസ്മലിന്റെതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

മുസ്ലിംകള്‍ വര്‍ഗീയവാദികളാണെന്ന് ശൈലജ പറഞ്ഞുവെന്ന് മങ്ങാട് സ്‌നേഹതീരം വാട്‌സ് ഗ്രൂപ്പില്‍ അസ്ലം പോസ്റ്റ് ഇട്ടിരുന്നു. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ അശ്വമേധത്തില്‍ കെകെ ശൈലജ പറഞ്ഞ വാക്കുകള്‍ എഡിറ്റ് ചെയ്താണ് അസ്ലം പോസ്റ്റ് ചെയ്തത്.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് വടകര യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണമെന്നുമാണ് കെകെ ശൈലജയുടെ ആരോപണം. ഫോട്ടോ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്.