ഒരു രാത്രി വനത്തിനുള്ളില്‍: കഞ്ചാവ് തോട്ടം നശിപ്പിച്ച് മടങ്ങുന്നതിനിടെ ഇരുട്ടില്‍ വഴിതെറ്റിയ DySP അടക്കമുള്ള പൊലീസ് സംഘം തിരിച്ചെത്തി
|
പാലക്കാട്: പാലക്കാട്ട് കഞ്ചാവ് തോട്ടം നശിപ്പിച്ച് മടങ്ങുന്നതിനിടെ ഇരുട്ടില്‍ വഴിതെറ്റിയ പൊലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ.എസ്.പി ഉള്‍പ്പെടെ 14 പേരാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ ആറു മണിക്കാണ് മുക്കാലിയില്‍ സംഘം തിരികെ എത്തിയത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിച്ചതിനാലാണ് കാട്ടില്‍ കുടുങ്ങിയ വിവരം അറിയിക്കാന്‍ സാധിച്ചതെന്ന് ഡിവൈ.എസ്.പി ജയകൃഷ്ണന്‍ പറഞ്ഞു. കഞ്ചാവ് തോട്ടം പൂര്‍ണമായി നശിപ്പിച്ചു. കാട്ടിനുള്ളില്‍ കുറച്ച് ബുദ്ധിമുട്ടിയെന്നും ഭക്ഷണം തീര്‍ന്നതായും ഡിവൈ.എസ്.പി വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് കഞ്ചാവ് തോട്ടം തേടി അഗളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അട്ടപ്പാടി കാട്ടില്‍ പോയത്. പുതൂര്‍ സ്റ്റേഷന്‍ പരിധിയിലെ കാട്ടില്‍ വന്‍തോതിന്‍ കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡിവൈ.എസ്.പിയെ കൂടാതെ പുതൂര്‍ എസ്.ഐയും വനം വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാന്‍ കഴിയാതെ പോകുകയായിരുന്നു. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാല്‍ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. പുതൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജയപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍വര്‍, സുബിന്‍, വിശാഖ്, ഓമനക്കുട്ടന്‍, സുജിത്ത്, രാഹുല്‍ എന്നിവരും അട്ടപ്പാടി റേഞ്ചിലെ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് രണ്ട് ബീറ്റ് ഫോറസ്റ്റോഫീസര്‍മാരും മൂന്ന് വാച്ചര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ പോലീസും വനംവകുപ്പും ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോയ ദ്രുതപ്രതികരണ സേനയടക്കമുള്ള സംഘം പുലര്‍ച്ചെ ഒരു മണിയോടെ ഇവരുടെ അടുത്തെത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പുലര്‍ച്ചെയോടെ തിരിച്ചെത്തിക്കുകയുമായിരുന്നു.


