ഇസ്ലാമാബാദ്: ജയില്‍ ജീവിതം ദുരിതത്തിലാണെന്ന് തോഷഖാന കേസില്‍ തടവില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അറ്റോക്ക് ജയിലില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ മോശം അവസ്ഥയാണ്. പകല്‍ സമയത്ത് ഈച്ചകളും രാത്രിയില്‍ പ്രാണികളും കാരണം ബുദ്ധിമുട്ടുകയാണ്. എത്രയും വേഗം ജയിലില്‍ നിന്ന് പുറത്തിറക്കാനുള്ള നടപടികള്‍ ചെയ്യണമെന്ന് ഇമ്രാന്‍ ഖാന്‍ അഭിഭാഷകരോട് പറഞ്ഞു.
|
പാകിസ്ഥാന്‍ തെഹ്രീക് – ഇ – ഇന്‍സാഫ് (പിടിഐ) ചെയര്‍മാനായ ഇമ്രാന്‍ ഖാനെ പാര്‍പ്പിച്ചിരിക്കുന സെല്‍ മോശമാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. ദുഃഖകരമായ അവസ്ഥയിലാണ് ഇമ്രാന്‍ ഖാനുള്ളത്. ഈ സാഹചര്യത്തിലും ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ ആത്മവിശ്വാസത്തിലാണ്. ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്നാലും ആര്‍ക്കുമുന്നിലും കീഴടങ്ങാന്‍ ഇമ്രാന്‍ തയ്യറാകില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ഇമ്രാന്‍ ഖാന് ജയിലിലെ സി ക്ലാസ് സെല്‍ ആണ് അനുവദിച്ചിരിക്കുന്നത്. ദുരിതപൂര്‍ണമായ അവസ്ഥയിലാണുള്ളതെന്നും ഇവര്‍ പറഞ്ഞു.
സുരക്ഷയില്ലാത്ത ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ മറ്റൊരു ജയിലേക്ക് മാറ്റണമെന്ന് പിടിഐ നേതൃത്വം ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന് കൃത്യമായ രീതിയില്‍ ഭക്ഷണം പോലും നല്‍കുന്നില്ലെന്ന് പിടിഐ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ഷാ മഹ്‌മൂദ് ഖുറേഷി ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാന്‍ ഖാന് ജയിലില്‍ എ ക്ലാസ് സൗകര്യം നല്‍കണമെന്നാണ് ആവശ്യം.
ഇമ്രാന്‍ ഖാനെ അറ്റോക്ക് ജയിലില്‍ നിന്ന് അഡിയാല ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിടിഐ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരെ പാര്‍പ്പിക്കുന്ന സെല്ലിലാണ് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റിനെ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തടവുകാരെ അഡിയാലയിലേക്കും മറ്റ് ജയിലുകളിലേക്കും മാറ്റാനുള്ള നീക്കം ആരംഭിച്ചു. തോഷഖാന കേസില്‍ ശനിയാഴ്ചയാണ് ഇമ്രാന്‍ ഖാനെ മൂന്നുവര്‍ഷം തടവിന് വിധിച്ചത്. കോടതി വിധിയുണ്ടായി മിനിറ്റുകള്‍ക്കകം ഇമ്രാനെ അറസ്റ്റ് ചെയ്തു. തീവ്രവാദം, അക്രമം, മതനിന്ദ, അഴിമതി, കൊലപാതകം തുടങ്ങിയ നിരവധി കേസുകളാണ് ഇമ്രാന്‍ ഖാനെതിരെ ചുമത്തിയിരിക്കുന്നത്.


