21
Feb 2023
Sat
21 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 

ലോകത്ത് ഏറ്റവും ശക്തമായ ആക്രമണനിരയുള്ള ടീമാണ് ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയുടെത്. മുന്നേറ്റനിരയില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബപ്പെയും ഒപ്പം നെയ്മര്‍ ജൂനിയറും. ഏത് വന്‍മതിലും തകര്‍ക്കാനും ഉരുമ്പുപൂട്ടുകള്‍ പൊട്ടിക്കാനും ശേഷിയുള്ള കരുത്തുറ്റ ആക്രമണനിര.

പി.എസ്.ജിയുടെ പ്രതിരോധക്കോട്ടയും പേരുകേട്ടവരാണ്. സെര്‍ജിയോ റാമോസ്, അഷ്‌റഫ് ഹക്കീമി, മാര്‍ക്കിഞ്ഞോസ്, മെന്‍ഡിസ് എല്ലാം കരുത്തര്‍. തങ്ങളുടെതായ പൊസിഷനില്‍ ഈ തലമുറയിലെ മികച്ചവര്‍. ഇതില്‍ ഹക്കീമിയും റാമോസും ഗ്രൗണ്ട് നിറഞ്ഞുകളിക്കുന്നവരും ഗോളടിക്കുന്നവരുമാണ്. ബാറിന് കീഴിലാകട്ടെ ഡൊന്നറുമ്മയും.!

ഇങ്ങനെ താരസമ്പന്നമാണ് പി.എസ്.ജി നിരയെങ്കിലും കഴിഞ്ഞ ഏതാനും മത്സരങ്ങളിലെ അവരുടെ ട്രാക്ക് റെക്കോഡ് അത്ര ശുഭകരമല്ല. ഈ വര്‍ഷം എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി കളിച്ച 11 മത്സരങ്ങളില്‍ അഞ്ചിലും പി.എസ്.ജി തോല്‍വി ചോദിച്ചുവാങ്ങി. ഫ്രഞ്ച് ലീഗില്‍ പോയിന്റ് പട്ടികയില്‍ പിന്നിലുള്ള റെന്നിസ്, മാഴ്‌സെ, മൊണാക്കോ എന്നിവരോടെല്ലാം തോറ്റു. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ കഴിഞ്ഞദിവസം ബയേണ്‍ മ്യൂണിക്കിനോട് ഒരു ഗോളിന് തോല്‍ക്കുകയുംചെയ്തു. ഹാട്രിക്ക് തോല്‍വി ഏറ്റുവാങ്ങിയെന്ന ചീത്തപ്പേരും സമ്പാധിച്ചു. 2011ന് ശേഷം ആദ്യമായാണ് പി.എസ്.ജി തുടര്‍ച്ചയായി മൂന്നുമത്സരങ്ങള്‍ തോല്‍ക്കുന്നത്. മാത്രമല്ല താരങ്ങള്‍ക്കിടയിലും അസ്വാരസ്യം ഉരുണ്ടുകൂടുകയാണ്. മൊണാക്കോയോട് പരാജയപ്പെട്ട കളിക്ക് ശേഷം നെയ്മര്‍ സഹതാരങ്ങളോടും സ്‌പോര്‍ട്ടിങ് ഉപദേശകന്‍ ലൂയിസ് കംപോസിനോടും കയര്‍ത്തു. കൂടാതെ നെയ്മര്‍ ക്ലബ്ബ് വിട്ടേക്കുമെന്നും കേള്‍ക്കുന്നു. മെസ്സിയുമായുള്ള കരാര്‍ പുതുക്കല്‍ നടപടികളും അനിശ്ചിതത്വത്തിലുമാണ്.

ഇതെല്ലാം ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖിലൈഫിയെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അതിലൊന്ന് പ്രധാനമായും കോച്ച് ക്രിസ്റ്റോഫ് ഗാള്‍ട്ടിയറുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങിയെന്നതാണ്. ഗാള്‍ട്ടിയര്‍ ഏതുനിമിഷവും തെറിച്ചേക്കും. മാര്‍ച്ച് ഒമ്പതിനാണ് ബയേണുമായുള്ള രണ്ടാം പാദം. അതിലും തോല്‍വിയാണെങ്കില്‍ അന്ന് തന്നെ ക്രിസ്‌റ്റോഫ് ഗാള്‍ട്ടിയറുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. ഈ സ്ഥാനത്തേക്ക് ഗ്ലാമര്‍ ടീമിന് യോജിച്ച ഗ്ലാമര്‍ കോച്ച് തന്നെയാകും എത്തുക. ഫ്രാന്‍സിന് 1998ല്‍ ലോകകപ്പ് നേടിക്കൊടുക്കുകയും 2006ല്‍ കലാശക്കളിയിലേക്ക് ടീമിനെ എത്തിക്കുകയും ചെയ്ത ഇതിഹാസതാരം സിനദിന്‍ സിദാന്‍ തന്നെയാണ് നിലവില്‍ പി.എസ്.ജിക്ക് മുമ്പിലുള്ള ഒന്നാമത്തെ ഒപ്ഷന്‍. തന്റെ നാട്ടിലെ ക്ലബ്ബിനെ പരിശീലിപ്പിക്കുന്നതില്‍ സിദാന് സന്തോഷമേയുള്ളൂ. ടീം മാനേജ്‌മെന്റില്‍ നിര്‍ണായക സ്വാധീനമുള്ള എംബപ്പെ അടക്കമുള്ള താരങ്ങള്‍ക്ക് സിദാന്‍ പരിശീലകനായി എത്താനാണ് ആഗ്രഹം. സിദാനെ ഒന്നിലധികം തവണ പരസ്യമായി പിന്തുണച്ച് സംസാരിച്ചിട്ടുമുണ്ട് എംബപ്പെ.

കൂടാതെ നിലവില്‍ റോമയെ പരിശീലിപ്പിക്കുന്ന ജോസ് മൗറിഞ്ഞോയുടെ പേരും കേള്‍ക്കുന്നുണ്ട്. സിദാനെ ഇതുവരെ പി.എസ്.ജി അധികൃതര്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും മൗറിഞ്ഞോയെ ബന്ധപ്പെട്ടതായാണ് സൂചന.

താരം എന്നതിനപ്പുറം കോച്ച് എന്നി നിലയിലും സിദാന്റെ ട്രാക്ക് റെക്കോഡ് ഏത് മുന്‍നിരക്ലബ്ബിനെയും ആകര്‍ഷിപ്പിക്കുന്നതാണ്. റയല്‍ മാഡ്രിഡിനെ പരിശീലിപ്പിച്ച് ടീമിന് തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ കിരീടങ്ങളും നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട് സിദാന്‍. 2018ല്‍ സിദാന്‍ ക്ലബ്ബ് വിട്ടെങ്കിലും അടുത്തവര്‍ഷം വീണ്ടും തിരിച്ചെത്തി ലാലിഗ വിജയികളാക്കി. ശേഷം ക്ലബ്ബ് വിട്ട സിദാന്‍ പിന്നീട് പരിശീലകസ്ഥാനങ്ങളൊന്നും ഏറ്റെടുത്തിരുന്നില്ല. ഇതിനിടെ ഫ്രാന്‍സ്, ബ്രസീല്‍ ദേശീയ ടീമുകളുടെ കോച്ചായിവരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അതുണ്ടായില്ല.

പരിശീലകവേഷത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്ന് സിദാന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വരുന്ന ജൂണില്‍ പരിശീലകനായി തിരിച്ചുവരികയാണ് ആഗ്രഹമെന്നാണ് സിദാന്‍ പറഞ്ഞത്. അതിനാല്‍ ഒന്നുറപ്പാണ് സോക്കര്‍ ഗോസിപ്പുകളിലെ ഹോട്ട് ടോപിക്കാണ് ഗാള്‍ട്ടിയറുടെ എണ്ണപ്പെട്ട ദിനങ്ങളും പരിശീലകവേഷത്തിലേക്കുള്ള സിദാന്റെ മടക്കവും. പക്ഷേ അത് എന്ന് എന്ന ഉത്തരമേ ഇനി അറിയാനുള്ളൂ.