20
Nov 2023
Fri
20 Nov 2023 Fri

ദോഹ: മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരായ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. ശിക്ഷാ വിധി പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിലെ മേല്‍ക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് ഖത്തര്‍ കോടതി എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്. ഉത്തരവ് ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ എല്ലാ വഴികളും പരിശോധിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറില്‍ സൈനിക പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേരെ 2022ലാണ് ഖത്തര്‍ തടവിലാക്കിയത്. പിടികൂടിയതിന്റെ കാരണം കേസിന്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഇരു രാജ്യങ്ങളിലെയും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വിചാരണയ്ക്കായി ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ജയിലിലെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ദോഹയില്‍ ജയിലില്‍ കഴിയുന്നത്. രാകേഷ് തിരുവനന്തപുരം സ്വദേശിയാണ്. ഖത്തര്‍ രഹസ്യാന്വേഷണ വിഭാഗം 2022 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത ഇവരുടെ രഹസ്യ വിചാരണ മാര്‍ച്ച് 29നാണ് ആരംഭിച്ചത്. ഇവര്‍ക്ക് ഇന്ത്യ നിയമസഹായം ലഭ്യമാക്കിയിരുന്നു.