ഖത്തറിന്റെ എണ്ണ- പ്രകൃതി വാതക വരുമാനത്തിൽ ഈ വർഷം ആദ്യ പകുതിയിൽ 67 ശതമാനം വർധനവുണ്ടായെന്ന് ധനമന്ത്രാലയം. ഇതിന്റെ ഫലമായി ഇതേ കാലയളവിൽ ബജറ്റ് 47.3 ബില്യൺ റിയാൽ മിച്ചം കൈവരിച്ചതായും മന്ത്രാലയം അറിയിച്ചു.
|
എണ്ണ-ഗ്യാസ് വരുമാനം 2021 ആദ്യപകുതിയിലെ 70.4 ബില്യൺ റിയാലിൽ നിന്ന് ഈ വർഷം ആറ് മാസത്തിനുള്ളിൽ വരുമാനം 117.6 ബില്യൺ റിയാൽ ആയി ഉയർന്നു. യുക്രയ്ൻ യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വർധിച്ചതും റഷ്യയിൽ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങൾ നിർത്തിയത് മൂലം ഖത്തർ ഗ്യാസിന് ഡിമാൻഡ് വർധിച്ചതുമാണ് ഖത്തറിന്റെ എണ്ണ-ഗ്യാസ് വരുമാനത്തിൽ അഭൂതപൂർവമായ വർധനവുണ്ടാകാൻ കാരണം.
കഴിഞ്ഞ വർഷം നാല് ബില്യൻ റിയാലായിരുന്ന ബജറ്റ് മിച്ചം ഈ വർഷം 47.3 ബില്യൻ റിയാൽ ആയി ഉയർന്നു. എണ്ണയിതര വരുമാനത്തിലും വർധനവുണ്ടായി. ഈ വർഷം ആദ്യ പകുതിയിൽ മൊത്തം ചെലവ് 103.4 ബില്യൻ റിയാൽ ആയിരുന്നു. ഇതിൽ 32.9 ബില്യൻ റിയാൽ ശമ്പളമായും പദ്ധതികൾക്കായി 35 ബില്യൻ റിയാലും ചെലവഴിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.



