22
Jan 2023
Tue
22 Jan 2023 Tue

കൊച്ചി: നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയെ വിമർശിച്ച് രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റൽ മീഡിയാ മേധാവിയുമായ അനിൽ ആന്റണിയെ പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ്. അനിൽ ആന്റണിയുടെ പ്രവർത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ലെങ്കിലും സാങ്കേതികമായി അദ്ദേഹം കെ.പി.സി.സി ഡിജിറ്റൽ മീഡിയ ചെയർമാൻ പദവി വഹിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതിൽ തുടരാനുള്ള അവകാശമില്ലെന്നും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പാർട്ടി പുറത്താക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുലിന്റെ പോസ്റ്റ്:
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും , അവഗണിച്ചും ഒരു മനുഷ്യൻ കഴിഞ്ഞ കുറേ മാസങ്ങളായി കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടക്കുന്നത് ഇന്ത്യയെ ഒന്നിപ്പിക്കുവാനാണ്.

ബാബ്‌റി മസ്ജിദ് തകർത്തും , ഗുജറാത്തിൽ കലാപം നടത്തിയുമൊക്കെ ഇന്ത്യയെ കീറി മുറിച്ച് കൊണ്ടിരിക്കുന്ന ഛിദ്ര ശക്തികൾക്കെതിരെയാണ് രാഹുൽ ഗാന്ധി ജോഡോ യാത്രയുമായി നടക്കുന്നത്.

കോൺഗ്രസും രാഹുൽ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും സംശയലേശമന്യേ പ്രഖ്യാപിച്ചിരുന്നതുമാണ് ബിബിസി അവരുടെ ഡോക്യുമെൻററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത് , ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരൻ നരേന്ദ്രമോഡിയാണെന്ന് തന്നെയാണ്. പക്ഷേ അനിൽ ആന്റണിക്ക് അതൊട്ടും ബോധിച്ചിട്ടില്ല പോലും!

അനിൽ ആന്റണിയെന്ന പ്രൊഫഷണലിന് തന്റെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ ഏതാനും നാൾ മുമ്പ് വാർത്തയിൽ നിന്നുമറിഞ്ഞത് അദ്ദേഹം കേരളത്തിലെ കോൺഗ്രസ് ഡിജിറ്റൽ കമ്യൂണിക്കേഷൻ മേധാവിയെന്ന സ്ഥാനം ലഭിച്ചുവെന്നാണ്. അനിൽ ആന്റണിയുടെ പ്രവർത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ല , എങ്കിലും സാങ്കേതികമായി അനിൽ ആൻറണി കെപിസിസി ഡിജിറ്റൽ മീഡിയ ചെയർമാൻ പദവി വഹിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതിൽ തുടരാനുള്ള അവകാശമില്ല, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പാർട്ടി പുറത്താക്കണം പറയാനൊള്ളു ..
രാജ്യമെന്നാൽ മോദിയല്ലായെന്ന മല്ലികാർജ്ജുന ഖാർഗെയുടെയും , രാഹുൽ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആൾ കോൺഗ്രസ്സ് അനുഭാവിയായി പോലും തുടരാൻ അർഹനല്ല.