|
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ദീര്‍ഘദൂര ട്രെയിനുകളിലെ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി റെയില്‍വേ ബോര്‍ഡ്. കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്ന പുതിയ നിയമം അനുസരിച്ച് സ്ലീപ്പര്‍, തേഡ്, സെക്കന്‍ഡ്, ഫസ്റ്റ് എ.സികള്‍ എന്നീ ഓരോ ക്ലാസ് കോച്ചിനും വെയിറ്റിങ് ലിസ്റ്റ് ക്വോട്ട 25 ശതമാനമായിട്ടാണ് പരിമിതപ്പെടുത്തിയത്.
മൊത്തം സീറ്റിന്റെ 25 ശതമാനം ടിക്കറ്റായിരിക്കും ഇനിമുതല്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നല്‍കുക. ഭിന്നശേഷിക്കാര്‍, സൈനികര്‍ ഉള്‍പ്പെടെ പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളില്‍ നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാനും സാധിക്കില്ല. പുതിയ ടിക്കറ്റ് ബുക്കിങ് രീതി ഈ ആഴ്ച മുതല്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
ഈ മാസം ഒമ്പതിന് മഹാരാഷ്ട്രയിലെ മാംബ്രയില്‍ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാര്‍ പരസ്പരം കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചതിനെത്തുടര്‍ന്ന് റെയില്‍വേയിലുണ്ടാകുന്ന തിക്കുംതിരക്കുംമൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് സര്‍ക്കാര്‍.
Railway Board limits the number of waitlist tickets on long-distance trains to reduce congestion on railway


