തിരുവനന്തപുരം: ടിക്കറ്റ് റിസര്‍വേഷനില്‍ സ്വകാര്യ പ്ലാറ്റ്‌ഫോമുകള്‍ക്കായി റെയില്‍വേ വഴിവിട്ട നീക്കം നടത്തുന്നതായി ആക്ഷേപം. (Railway ticket booking IRCTC versus Amazon) പൊതുമേഖല സംവിധാനമായ ഐ.ആര്‍.ടി.സി.ടി.സിയില്‍ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലായിരിക്കെ, ‘ആമസോണി’ലും ‘മേക്ക് മൈ ട്രിപ്പി’ലുമടക്കം അതേ ട്രെയിനിലെ അതേ ക്ലാസില്‍ കണ്‍ഫോം ടിക്കറ്റ് ലഭിക്കുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.
|
സ്വകാര്യ പ്ലാറ്റ്‌ഫോമുകള്‍ക്കു വേണ്ടി റെയില്‍വേ മനപൂര്‍വ്വം ടിക്കുറ്റകള്‍ ലഭ്യമല്ലെന്ന സന്ദേശം നല്‍കുന്നതായാണ് സംശയം. സ്വകാര്യ ഏജന്‍സികള്‍ക്ക് റിസര്‍വേഷന് പ്രത്യേക ക്വോട്ടയൊന്നും വീതം വെച്ച് നല്‍കിയിട്ടില്ലെന്നാണ് റെയില്‍വേയില്‍ നിന്നുള്ള വിവരം.
അങ്ങനെങ്കില്‍ ഐ.ആര്‍.സി.ടി.സിയില്‍ വെയിറ്റിങ് ലിസ്റ്റും കടന്ന് റെയില്‍വേ ഭാഷയില്‍ ‘റിഗ്രറ്റ്’ തെളിയിച്ച് അടച്ചുപൂട്ടിയ ക്ലാസില്‍, സ്വകാര്യ പ്ലാറ്റ്‌ഫോം വഴി എങ്ങനെ ടിക്കറ്റ് കിട്ടുന്നെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. ദീര്‍ഘദൂര റൂട്ടുകളില്‍ മാത്രമല്ല, അന്തര്‍സംസ്ഥാന യാത്രകളിലും ഈ കള്ളക്കളി പ്രകടമാണ്.
തിരുവനന്തപുരത്തുനിന്ന് ജൂലൈ 18ന് കോഴിക്കോട്ടേക്കുള്ള മലബാര്‍ എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചില്‍ വെയിറ്റിങ് ലിസ്റ്റ് 27 ആണ്. എന്നാല്‍, ആമസോണില്‍ ഇതേ ദിവസം ഇതേ ക്ലാസില്‍ 201 ടിക്കറ്റുകള്‍ ‘അവൈലബിളാ’ണ്. സിസ്റ്റം അപ്‌ഡേറ്റ് ആകാത്തതുമൂലം പഴയ നിലയാണ് കാണിക്കുന്നതെന്ന് കരുതി ബുക്കിങ്ങിന് ശ്രമിച്ചയാള്‍ക്ക് കണ്‍ഫോം ടിക്കറ്റ് ലഭിച്ചു. ഇതേ ട്രെയിനില്‍ ഇതേ ദിവസം 130 തേര്‍ഡ് എ.സി സീറ്റുകള്‍ ആമസോണില്‍ ലഭ്യമാണെങ്കില്‍ ഐ.ആര്‍.ടി.സിയില്‍ ഇത് ആര്‍.എ.സി 20 ആണ്.
ജൂലൈ 17 ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള മാവേലിയില്‍ സ്ലീപ്പറിന് ശ്രമിച്ചാല്‍ വെയിറ്റിങ് ലിസ്റ്റ് പോലും കിട്ടില്ല. എന്നാല്‍, ഇതേ ക്ലാസില്‍ ആമസോണില്‍ 19 ടിക്കറ്റ് ലഭ്യമാണ്. ഇത്തരത്തില്‍ മിക്ക ട്രെയിനുകളിലും ഐ.ആര്‍.സി.ടി.സിയെ അപേക്ഷിച്ച് സ്വകാര്യ പ്ലാറ്റ്‌ഫോമുകളില്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വസ്തുത. നിരക്കിലും വലിയ വ്യത്യാസമില്ല.
സാങ്കേതിക തകരാര്‍ മൂലമോ മറ്റോ ഐ.ആര്‍.സി.ടി.സി പോര്‍ട്ടല്‍ തകരാറിലാകുന്ന ഘട്ടത്തില്‍ ആമസോണും മേക്ക് മൈ ട്രിപ്പും പോലുള്ള തേര്‍ഡ് പാര്‍ട്ടി പോര്‍ട്ടലുകളെ ആശ്രയിക്കാനാണ് റെയില്‍വേ ഔദ്യോഗികമായി അറിയിക്കുന്നത്. 2025 ജനുവരി 12ന് പോര്‍ട്ടല്‍ തകരാറിലായപ്പോഴും സമാനനിര്‍ദേശമുണ്ടായിരുന്നു.
‘സീറ്റ് ലോക്ക്’ എന്ന പേരില്‍ ഇളവുകളടക്കം പ്രഖ്യാപിച്ചാണ് സ്വകാര്യ പ്ലാറ്റ്‌ഫോമുകള്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ബുക്കിങ് ഘട്ടത്തില്‍ നിരക്കിന്റെ 25 ശതമാനം മാത്രം നല്‍കി ടിക്കറ്റ് ഉറപ്പുവരുത്തുന്നതാണ് സീറ്റ് ലോക്ക്. ബാക്കി തുക യാത്ര തുടങ്ങുന്നതിന് 24 മണിക്കൂറിനുള്ളില്‍ നല്‍കിയാല്‍ മതി. ഇതോടെ യാത്രക്കാരില്‍ വലിയൊരു ഭാഗം റെയില്‍വേ ആപ്പ് ഉപേക്ഷിച്ച് സ്വകാര്യ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കും.


